ചില അവസരങ്ങള്‍ നമ്മളെ തേടിവരുന്നത് വളരെ അപ്രതീക്ഷിതമായിട്ടാകും. അതിലൂടെയാകും ഭാഗ്യം തെളിയുക. അത്തരത്തിലൊരു ഭാഗ്യത്തിലൂടെ ബോളിവുഡില്‍ എന്‍ട്രി ലഭിച്ച തെലുങ്ക് നടനാണ് നവീന്‍ പോളിഷെട്ടി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി നവീന്‍ ഏജന്റ് സായ് ശ്രീനിവാസ് ആത്രേയ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി.
പിന്നാലെ ബോളിവുഡിലേക്കും നവീന് വിളി വന്നു. ദങ്കലിന് ശേഷം നിതേഷ് തിവാരി ഒരുക്കിയ ചിച്ചോരെയില്‍ ആസിഡ് എന്ന കഥാപാത്രത്തെയാണ് നവീന്‍ അവതരിപ്പിച്ചത്. ഈ സിനിമയിലേക്ക് നവീന് അവസരം ലഭിച്ചത് രസകരമായ കഥയാണ്. പ്രേമം എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനം നിതേഷിന് ഇഷ്ടമായിരുന്നു. ആസിഡ് എന്ന കഥാപാത്രത്തിനായി നിവിനെയാണ് നിതേഷ് തെരഞ്ഞെടുത്തത്. അസിസ്റ്റന്റിനോട് നിവിന്‍ പോളിയെ വിളിക്കാന്‍ നിതേഷ് ആവശ്യപ്പെട്ടു.
എന്നാല്‍ അസിസ്റ്റന്റ് നിവിന്‍ പോളിക്ക് പകരം നവീന്‍ പോളിഷെട്ടിയെ ഓഡിഷന് വിളിച്ചു. ഒറ്റ സിനിമയിലൂടെ ബോളിവുഡ് വരെ നവീനെത്തിയത് ഈ ചെറിയ അബദ്ധത്തിലൂടെയാണ്. എന്നാല്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ നവീന് സാധിച്ചു. അന്ന് അബദ്ധത്തില്‍ ബോളിവുഡിലെത്തിയ നവീന്‍ ഇന്ന് തെലുങ്കിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ്.
അനഗനഗ ഒക്ക രാജു Photo: Screen grab/ Sithara Entertainmanets
ഈ വര്‍ഷം സംക്രാന്തി റിലീസായി തിയേറ്ററുകളിലെത്തിയ അനഗനഗ ഒക്ക രാജുവില്‍ നവീന്‍ പോളിഷെട്ടിയാണ് നായകന്‍. മികച്ച പ്രതികരണമാണ് ഈ റോം കോം ചിത്രം സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 68 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. പ്രഭാസ് നായകനായ രാജാസാബ്, ചിരഞ്ജീവിയുടെ മന ശങ്കര വരപ്രസാദ ഗാരു, രവി തേജയുടെ ഭാരത മഹാസായുലകു വിജ്ഞാപതി എന്നീ ചിത്രങ്ങള്‍ക്ക് കോമ്പറ്റീഷന്‍ നല്‍കാന്‍ അനഗനഗ ഒക്ക രാജുവിന് സാധിക്കുന്നുണ്ട്.
നായകനായി അഭിനയിച്ച മൂന്നാമത്തെ ചിത്രവും നവീന്‍ പോളിഷെട്ടി വിജയമാക്കിയതോടെ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാകേന്ദ്രമായി നവീന്‍ പോളിഷെട്ടി മാറി. നവാഗതനായ മാരി സംവിധാനം ചെയ്ത ചിത്രം 100 കോടി നേടുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. രാജാസാബ് പലയിടത്തും വാഷൗട്ടായതോടെ മറ്റ് സിനിമകള്‍ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുകയാണ്.
രാജു, ചാരു എന്നിവരുടെ കഥ പറയുന്ന ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായിക. 2012ല്‍ സിനിമാലോകത്തേക്കെത്തിയ നവീന്‍ പോളിഷെട്ടി വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ ശ്രദ്ധാപൂര്‍വം കഥകള്‍ തെരഞ്ഞെടുത്ത് മുന്നോട്ട് പോകുമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍ നിവിന്‍ പോളിയുമായി പേരിലുള്ള സാമ്യം നവീന്റെ കരിയറില്‍ വലിയ ഇംപാക്ടാണ് സമ്മാനിച്ചത്.
Content Highlight: Naveen Polishetty’s new movie became hit