കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ പാരഡി ഗാനമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പി യും വ്യാപകമായി ഉപയോഗിച്ച ‘പോറ്റിയേ കേറ്റിയേ’. തമിഴിലെ പ്രശസ്ത ഗായകനായ വീരമണിയുടെ ‘സ്വാമിയേ അയ്യപ്പോ’ എന്ന ഗാനത്തിന്റെ പാരഡിയായിട്ടായിരുന്നു ഈ ഗാനമെത്തിയത്.
ഇതിന് പിന്നാലെ പാരഡി ഗാനത്തിന്റെ ഉത്ഭവം അന്വേഷിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തമിഴ്‌നാട്ടിലെ നാഗൂര്‍ ദര്‍ഗയുമായി ബന്ധപ്പെട്ട ഏകനേ യാ അല്ലാഹ് ഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വീരമണിയുടെ അയ്യപ്പ ഗാനം പുറത്തെത്തിയതെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ തമിഴിലെ പ്രസിദ്ധമായ ഏകനേ യാ അല്ലാഹിന്റെ മലയാളം വേര്‍ഷനുമായി എത്തിയിരിക്കുകയാണ് നൗഷാദ് കണ്ണൂരും ടീമും. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനത്തിന്റെ ഷോര്‍ട്‌സ് വീഡിയോക്ക് ഒരു ലക്ഷത്തിലധികം പേരെയാണ് ഇതിനോടകം കാഴ്ച്ചക്കാരായി ലഭിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ നാഗൂര്‍ ദര്‍ഗയില്‍ നൂറ് വര്‍ഷത്തിലധികമായി പാടി കേള്‍ക്കുന്ന ഗാനം ഈണത്തിനും പ്രാസത്തിനുമനുസരിച്ച് ചെറിയ ചില മാറ്റങ്ങളോടെയാണ് മലയാളത്തിലേക്ക് മൊഴി മാറ്റിയതെന്ന് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയ നൗഷാദ് കണ്ണൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പാട്ടിന് മതമില്ലെന്നും ഈണം ഇഷ്ടപ്പെട്ടത് കൊണ്ടാവാം വീരമണി അയ്യപ്പ ഭക്തിഗാനമായി മാറ്റിയതെന്നും യഥാര്‍ത്ഥ ഗാനം മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് മൊഴിമാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൗഷാദ് തന്നെ സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് മുക്താര്‍ മൊഹിബ് നൂര്‍, അഫ്‌ലു, എം.എ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പാരഡിഗാനം രചിച്ചത് ജി.പി കുഞ്ഞബ്ദുല്ലയെന്ന കലാകാരനായിരുന്നു. ഖത്തറില്‍ വെച്ചെഴുതിയ പാട്ട് നാട്ടിലെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ഡാനിഷ് എന്ന കലാകാരന്‍ ഇത് ഗാനമാക്കി മാറ്റുകയുമായിരുന്നു.
Content Highlight: Naushad Kannur creates Malayalam version of ekane ya Allah song
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.