അവന്‍ ഇന്ത്യയെ ഒന്നാം റാങ്കില്‍ എത്തിച്ചു, ഇനി വരുന്നവന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും: മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍
രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെയ് 12ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിവരമറിയിച്ചത്.
ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ച് വിജയം നേടിക്കൊടുത്ത താരമാണ് വിരാട് കോഹ്‌ലിയെന്നും വ്യത്യസ്തമായ കളിശൈലിയും അഭിനിവേശവുമുള്ള മികച്ച താരമാണ് വിരാട് എന്നും നാസര്‍ പറഞ്ഞു. മാത്രമല്ല വിരാടിന് പകരക്കാരനാവുന്ന താരം നന്നായി കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും നാസര്‍ പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചതും വിജയം കാണിച്ചുതന്നതും വിരാട് കോഹ്‌ലിയാണ്. അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തെ വ്യത്യസ്തനായ ഒരു ക്രിക്കറ്റ് കളിക്കാരനും നായകനുമാക്കി. അദ്ദേഹം അവിശ്വസനീയമായ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു.
അദ്ദേഹം ഇന്ത്യയെ ലോകത്തിലെ ഒന്നാം റാങ്കിലേക്ക് കൊണ്ടുപോയി. ഏകദേശം 42 മാസത്തോളം അവര്‍ അവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് കളിക്കുന്ന രീതി അദ്ദേഹം മാറ്റി. അദ്ദേഹത്തിന് പകരക്കാരനായി വരുന്നയാള്‍ നന്നായി കഠിനാധ്വാനം ചെയ്യേണ്ടിവരും,’ നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
14 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ടാണ് വിരാട് പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
നിലവില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകന്‍ ആരാകും മെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും റിഷബ് പന്തും ജസ്പ്രീത് ബുംറയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. മാത്രമല്ല ടീമില്‍ സീനിയര്‍ താരങ്ങളായി ബുംറയും രവീന്ദ്ര ജഡേജയും മാത്രമാണുള്ളത്.
content Highlight : Nasser Hussain Talking About Virat Kohli