| Saturday, 8th March 2025, 8:29 pm

ആക്‌സിഡന്റിന് ശേഷം ഓര്‍മ പോയ എന്റെ മകന്റെ വായില്‍ വന്ന ഒരേയൊരു പേര് ആ നടന്റേത്, അയാളിലൂടെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി: നാസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് നാസര്‍. നാടകത്തിലൂടെ സിനിമയിലെത്തിയ നാസര്‍ തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, ബെംഗാളി ഭാഷകളിലായി 500ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് നാസറിനെ തേടിയെത്തിയിട്ടുണ്ട്.

തന്റെ മൂത്ത മകനെക്കുറിച്ച് സംസാരിക്കുകയാണ് നാസര്‍. തന്റെ സൈവം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ഗെയിം അയാള്‍ ഡിസൈന്‍ ചെയ്തിരുന്നുവെന്ന് നാസര്‍ പറഞ്ഞു. എന്നാല്‍ ആ ഗെയിം ലോഞ്ച് ചെയ്യുന്നതിന് മുമ്പ് അവന് ഒരു ആക്‌സിഡന്റ് സംഭവിച്ചെന്നും 14 ദിവസത്തോളം കോമയില്‍ കിടന്നെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

ബോധം വന്ന ശേഷം തന്റെ പേരും പങ്കാളിയുടെ പേരും മകന്‍ മറന്നെന്നും അവന്റെ വായില്‍ ആദ്യം വന്ന പേര് വിജയ്‌യുടെയായിരുന്നെന്നും നാസര്‍ പറഞ്ഞു. തന്റെ പങ്കാളി ഒരു സൈക്കോളജിസ്റ്റാണെന്നും മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വിജയ്‌യുടെ സിനിമകള്‍ കാണിച്ചുകൊടുത്തെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

ഫിസിയോതെറാപ്പിക്ക് വരാന്‍ കൂട്ടാക്കാത്ത മകനെ വീഡിയോ കോള്‍ ചെയ്ത് വിജയ് സംസാരിച്ചെന്നും നാസര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ നടക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ വിജയ് ആവശ്യപ്പെട്ടെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ച് കൈപിടിച്ച് കൊണ്ടുവന്നതില്‍ വിജയ്ക്ക് വലിയൊരു പങ്കുണ്ടെന്നും നാസര്‍ പറഞ്ഞു. മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു നാസര്‍.

‘എന്റെ മകന്‍ ഒരു ഗെയിം ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച സൈവം എന്ന സിനിമയുമായി ബന്ധപ്പെട്ട ഗെയിമായിരുന്നു അത്. എന്നാല്‍ ആ ഗെയിം ലോഞ്ച് ചെയ്യുന്നതിന് മുമ്പ് അവന് ഒരു ആക്‌സിഡന്റ് സംഭവിച്ചു. 14 ദിവസത്തോളം ബോധമില്ലാതെ കിടന്നു. കോമയിലായെന്ന് പല ഡോക്ടര്‍മാരും പറഞ്ഞു.

ബോധം വന്നപ്പോള്‍ അവന്‍ പല കാര്യങ്ങളും മറന്നു. അച്ഛനെന്നോ അമ്മയെന്നോ അവന്‍ പറയാറില്ലായിരുന്നു. അവന്റെ വായില്‍ നിന്ന് ആദ്യം വന്ന പേര് വിജയ് എന്നായിരുന്നു. എന്റെ ഭാര്യ ഒരു സൈക്കോളജിസ്റ്റാണ്. മകനെ തിരിച്ചുകൊണ്ടു വരാന്‍ വിജയ്‌യുടെ സിനിമകള്‍ കാണിക്കാന്‍ അവളാണ് പറഞ്ഞത്.

പതിയെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നടക്കാനുള്ള ബുദ്ധിമുട്ട് മാറ്റാന്‍ ഫിസിയോതെറാപ്പിക്ക് കൊണ്ടുപോകാന്‍ നോക്കി. അവന്‍ വരാന്‍ കൂട്ടാക്കിയില്ല. വിജയ് ആ സമയത്ത് അവനെ വീഡിയോ കോള്‍ ചെയ്തു. ‘എന്റെ കൂടെ നടക്കാനും ഓടാനും ആഗ്രഹമുണ്ടെങ്കില്‍ ഫിസിയോതെറാപ്പി ചെയ്യൂ’ എന്ന് വിജയ് പറഞ്ഞു. അവന്‍ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കാരണം വിജയ്‌യാണ്,’ നാസര്‍ പറയുന്നു.

Content Highlight: Nassar about Vijay’s influence in his son’s life

Latest Stories

We use cookies to give you the best possible experience. Learn more