കല്യാണരാമൻ റീമേക്ക് ചെയ്ത് മിസ്റ്റർ പോഞ്ഞിക്കരയായി അഭിനയിക്കാൻ ആഗ്രഹം ഉണ്ട്: നസ്‌ലെൻ
Malayalam Cinema
കല്യാണരാമൻ റീമേക്ക് ചെയ്ത് മിസ്റ്റർ പോഞ്ഞിക്കരയായി അഭിനയിക്കാൻ ആഗ്രഹം ഉണ്ട്: നസ്‌ലെൻ
കെ.എസ് ഷാബിന
Wednesday, 3rd June 2026, 10:18 am

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് നസ്‌ലെൻ. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലെൻ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ചിത്രത്തിലെ മെൽവിൻ എന്ന കഥാപാത്രത്തിലൂടെയായിരുന്നു യുവതാരനിരയിലേക്കുള്ള നസ്‌ലെന്റെ ചുവടുവെപ്പ്.

താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ രസകരമായ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പഴയൊരു സിനിമ ഇന്ന് വീണ്ടും റീമേക്ക് ചെയ്യുകയാണെങ്കിൽ അതിൽ ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താല്പര്യം എന്ന അവതാരകന്റെ ചോദ്യത്തിന് നസ്‌ലെൻ നൽകിയ മറുപടി ഏറെ രസകരമായിരുന്നു.

കല്യാണരാമൻ.Photo:Imdb

അങ്ങനെ ഒരു അവസരം ലഭിക്കുകയാണെങ്കിൽ ദിലീപേട്ടന്റെ ‘കല്യാണരാമൻ’ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും, അതിൽ ഇന്നസെന്റ് സാർ അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കരയായി അഭിനയിച്ചാൽ കൊള്ളാമെന്നുമാണ് നസ്‌ലെന്റെ മറുപടി. ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച പ്യാരിലാൽ എന്ന കഥാപാത്രമാണെങ്കിലും ചെയ്യാൻ ഇഷ്ടമാണെന്നും നസ്‌ലെൻ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നസ്‌ലെന്റെ ഈ പ്രതികരണം.

‘എനിക്ക് ‘പഞ്ചാബി ഹൗസ്’, ‘കല്യാണരാമൻ’ പോലുള്ള ചിത്രങ്ങൾ വളരെ ഇഷ്ടമാണ്. അത്തരത്തിലുള്ള സിനിമകൾ റീമേക്ക് ചെയ്താൽ നന്നായിരിക്കും. അങ്ങനെ ഒരു അവസരം ലഭിക്കുകയാണെങ്കിൽ ദിലീപേട്ടന്റെ ‘കല്യാണരാമൻ’ റീമേക്ക് ചെയ്യണമെന്നും, അതിൽ ഇന്നസെന്റ് സാർ തകർത്തഭിനയിച്ച മിസ്റ്റർ പോഞ്ഞിക്കര എന്ന കഥാപാത്രമായി അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. അതല്ലെങ്കിൽ സലിംകുമാർ സാർ അവതരിപ്പിച്ച പ്യാരിലാൽ എന്ന കഥാപാത്രം ചെയ്യാനും എനിക്ക് വലിയ ഇഷ്ടമാണ്,’ നസ്‌ലെൻ പറഞ്ഞു.

കല്യാണരാമൻ.Photo: ScreenGrab / youtube

‘പ്രേമലു’, ‘ലോകഃ’, ‘ആലപ്പുഴ ജിംഖാന’ എന്നിവയാണ് നസ്‌ലെന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങൾ. ഇതിൽ ‘ലോക’ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ആണ് നസ്‌ലെന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമ സ്വപ്നം കണ്ടു വളരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിൽ എത്തും.

Content Highlight : Naslen wants to star as Mr. Ponjikkara in a ‘Kalyanaraman’ remake

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.