| Tuesday, 26th May 2026, 3:41 pm

'ഇനി കോളേജ് പടവുമായി വരരുത്, പോയി ഡയറക്ട് ചെയ്തൂടെ' ; ബേസിലിനെ ട്രോളി നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്‌ലെനും സംവിധായകനും നടനുമായ ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദവും അവരുടെ തമാശകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്താറുണ്ട്.

ഇപ്പോഴിതാ ബേസില്‍ ജോസഫിന്റെ പുതിയ ചിത്രമായ ‘അതിരടി’യിലെ ലുക്കിനെ കുറിച്ചും, അതിനെ ചൊല്ലി തങ്ങള്‍ക്കിടയില്‍ നടന്ന രസകരമായ ചാറ്റിങ്ങിനെ കുറിച്ചുമാക്കെ മനസ്സ് തുറക്കുകയാണ് നസ്‌ലെന്‍.

‘അതിരടി’ സിനിമയിലെ ബേസിലിന്റെ ക്യാരക്ടര്‍ ലുക്ക് കണ്ടപ്പോള്‍ തനിക്ക് അത്രയ്ക്ക് അങ്ങോട്ട് പിടിച്ചില്ലെങ്കിലും സംഗതി അടിപൊളിയായിട്ടുണ്ടെന്നാണ് നസ്‌ലെന്‍ തമാശ രൂപേണ പറഞ്ഞത്.

‘ബേസിലേട്ടനും ഞാനും പരസ്പരം മെസ്സേജുകള്‍ അയക്കാറുണ്ട്. അതിരടിയുടെ സമയത്ത് ചില അഭിമുഖങ്ങളില്‍ പോയിട്ട് ‘ഞാനും നസ്‌ലെനുമൊക്കെ ഒരുമിച്ച് ചില്‍ ചെയ്യുന്നതിനെ’ പറ്റിയൊക്കെ സംസാരിച്ചെന്ന് പുള്ളി എന്നോട് പറഞ്ഞിരുന്നു. പുള്ളി ഇപ്പോള്‍ പതിയെ ഞങ്ങളുടെ ഈ ഒരു ഏജ് ഗ്രൂപ്പിലേക്ക് വന്നിരിക്കുകയാണ്,’ നസ്‌ലെന്‍ പറഞ്ഞു.

ബേസില്‍ Photo: Instagram

‘അതിരടി’യിലെ ബേസില്‍ ജോസഫിന്റെ മേക്കോവര്‍ കണ്ട് തനിക്ക് വലിയ സന്തോഷം തോന്നിയെന്നും അത്രത്തോളം യങ് ആയിട്ടാണ് ബേസില്‍ ആ ചിത്രത്തിലുള്ളതെന്നും നസ്‌ലെന്‍ പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ ആ ലുക്ക് കണ്ടിട്ട് എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി (ചിരി). ഞാന്‍ ഉടനെ തന്നെ ബേസിലേട്ടന് മെസ്സേജ് അയക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ട് എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല, എന്നാലും ലുക്ക് അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി കോളേജ് പടവുമായിട്ട് ഈ വഴിക്ക് വരരുത്. പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ,’ നസ്‌ലെന്‍ ചോദിച്ചു.

നസ്‌ലെന്‍ Photo: Mathrubhumi

അതിരടിയിലെ ലുക്ക് പുറത്തുവന്നതിന് പിന്നാലെ താന്‍ നസ്‌ലെനെ ഫോണില്‍ വിളിച്ചിരുന്നെന്നും നീയൊക്കെ തീര്‍ന്നെടാ എന്നൊരു വെല്ലുവിളി മുഴക്കിയിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞിരുന്നു. താനും സന്ദീപും നസ്‌ലെനും ഹാഷിറുമൊക്കെ ഒരു കാറ്റഗറിയായതുകൊണ്ട് ഒരു ഹെല്‍ത്തി കോമ്പറ്റീഷനാണ് നടക്കുന്നതെന്നുമായിരുന്നു ബേസില്‍ അന്ന് പറഞ്ഞത്.

ടൊവിനോയൊക്കെ നേരത്തെ തന്നെ പേടിച്ച് ആ വഴിക്ക് പോയെന്നും അവനൊന്നും തനിക്ക് ഒരു വെല്ലുവിളിയേ അല്ലെന്നുമായിരുന്നു ബേസിലിന്റെ സെല്‍ഫ് ട്രോള്‍.

Content Highlight: Naslen Trolls to Basil on Athiradi Look

We use cookies to give you the best possible experience. Learn more