യൂറോപ്പിലെ ഏറ്റവും പ്രമുഖനായ മുസ്‌ലിം പണ്ഡിതരില്‍ ഒരാളും ഇസ്ലാമിസ്റ്റുകളുടെ താത്വികാചാര്യനുമായ താരിഖ് റമദാന്റെ പേരിലുള്ള നിരവധി ലൈംഗിക പീഡന കേസുകള്‍ ഫ്രാന്‍സില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. റമദാനെതിരായി കെട്ടിച്ചമച്ച കേസുകളാണിതെല്ലാമെന്നാണ് അനുയായികള്‍ പ്രചരിപ്പിക്കുന്നത്. ആയിരിക്കാം, അങ്ങനെയെങ്കില്‍ ഫ്രാന്‍സിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍പ്പെടുന്ന ഇമ്മാനുവല്‍ മാഴ്സീനിയുടെ സേവനത്തില്‍ റമദാന് അത് തെളിയിക്കാന്‍ സാധിക്കേണ്ടതാണ്.
പക്ഷേ കൗതുകകരമായ ഒരു കാര്യം ഇതിനിടയില്‍ അധികം ചര്‍ച്ചയാവാതെ പോയി. കേസിന്റെ വാദത്തിനിടയില്‍ ആരോപിക്കപ്പെട്ട പീഡനങ്ങളില്‍ ചിലത് “ഉഭയ കക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായാണ് ” പ്രതിഭാഗം പോലും വാദിച്ചത്. ഈ പറയുന്ന സ്ത്രീകളുമായൊന്നും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന വാദം ഇപ്പോള്‍ റമദാന്‍ പോലും ഉന്നയിക്കുന്നില്ലെന്ന് ചുരുക്കം. ഇതിലൊരു സ്ത്രീ റമദാനുമായി കൈമാറിയ അശ്ലീല സന്ദേശങ്ങള്‍ പോലും കോടതിയില്‍ വന്നിരുന്നു.
താരിഖ് റമദാന്റേത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. പാക് വംശജനായ അമേരിക്കന്‍ മത പ്രാസംഗികനും സോഷ്യല്‍ മീഡിയാ താരവുമായ നൌമാന്‍ അലി ഖാന്‍ പെണ്ണുങ്ങളുമായ “വഴിവിട്ട” ചാറ്റിന്റെ പേരില്‍ ആരോപണം നേരിടുകയാണ്. തെളിവുകള്‍ പുറത്തായപ്പോഴുള്ള ഉരുണ്ട് കളികളെ കൂടാതെ ഇസ്ലാമോഫോബിയയും സയണിസ്റ്റ് ഗൂഢാലോചനയുമൊക്കെ ആയുധമാക്കി വീശി നോക്കുന്നുണ്ട്. ഹിജാബ് പോലുള്ള സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കര്‍ശന നിലപാടുകാരനായിരുന്നു നൌമാന്‍. വേറെയും പല മത പണ്ഡിതന്‍മാരും കെണിയിലായിട്ടുണ്ട്.
കേരളത്തിലെ സ്ഥിതി ഇതിലും എത്രയോ മോശമാണ്. മദ്രസ, മതപഠന ശാലകളില്‍ നടക്കുന്ന പീഡനം ഇന്നൊരു വാര്‍ത്തയേ അല്ല. യൂറോപ്പിലെ കേസുകളൊക്കെ കൂടുതലും ഉഭയ കക്ഷി സമ്മത പ്രകാരമുള്ള ബന്ധങ്ങളാണെങ്കില്‍ ഇവിടെ കൊടിയ ലൈംഗിക പീഡനമാണ്, ഇരകള്‍ പലപ്പോഴും കുട്ടികളുമാണ്. ചരമക്കോളമോ ഓഹരി വിപണിയോ മാതിരിയുള്ള പതിവ് വാര്‍ത്ത മാത്രമാണ് കേരളത്തിലെ മദ്രസാ പീഡന വാര്‍ത്തകള്‍. അല്ലെങ്കില്‍ പശുവിന്റെ പേരില്‍ ആളെ തല്ലിക്കൊല്ലുന്നത് പോലെ പൂര്‍ണമായും നോര്‍മലൈസ് ചെയ്യപ്പെട്ട ഒന്ന്.
കഴിഞ്ഞ മാസം ആലുവക്കടുത്ത പോത്താനിക്കാട് നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവം ഇതിന്റെ നേര്‍ ചിത്രമാണ്. ജീവനക്കാരിയെ പല തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ അനാഥശാല നടത്തി വന്നയാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. മിക്കവാറും എല്ലാ മദ്രസാ /മത പഠന പീഡന കേസുകളേയും പോലെ നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട കേസാണ് അതും. ഇരകള്‍ ഒന്നോ രണ്ടോ അല്ല, നിരവധിയാണ്. നിലവില്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമ പ്രകാരം എറണാകുളം കോടതിയില്‍ വിചാരണ നേരിടുന്ന ആളാണ് പ്രതി.
ഇയാള്‍ ജീവനക്കാരിയെ നിരവധി തവണ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് പുതിയ ആരോപണം. ആരോപണം കോടതി വഴി തെളിയിക്കപ്പെടാത്തിടത്തോളം അതില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കാം. പക്ഷേ അതിനേക്കാള്‍ ഗൗരവമായ പ്രശ്‌നം കുട്ടികളെ പീഡിപ്പിച്ചതില്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന ഒരാള്‍ക്കെങ്ങനെയാണ് അതേ സ്ഥാപനവും ജോലിയും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത് ? ഇത്ര ഗൗരവമായ കേസില്‍ വിചാരണ നേരിടുന്ന ആളെ സ്ഥാപന പരിസരത്തേക്ക് അടുപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദയും നീതി ബോധവും എന്ത് കൊണ്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല എന്ന് പരിശോധിക്കുമ്പോള്‍ തന്നെ മത പഠന ശാലകളില്‍ ഇത്ര ഭീകരമായ തോതില്‍ പീഡനങ്ങള്‍ കൂടുന്നതിന്റെ കാരണവും കിട്ടും.
ആണ്‍ ഹുങ്കും പൗരോഹിത്യവുമാണ് മദ്രസകളെ ഭരിക്കുന്നത്. എല്ലാ രീതിയിലുള്ള മാറ്റത്തെയും പുതിയ ചിന്തകളേയും വ്യവസ്ഥാപിതമായി എതിര്‍ത്ത് പോരുന്ന സംവിധാനങ്ങളാണ് മഹാ ഭൂരിപക്ഷം മദ്രസകളും മതപഠന കേന്ദ്രങ്ങളും. നടത്തിപ്പില്‍ ജനാധിപത്യമോ സുതാര്യതയോ ഒട്ടുമില്ലാത്ത, അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഭീകരമായ അധികാര അസന്തുലിതത്വമുള്ള, ലൈംഗികതയെ പറ്റി ഏറ്റവും അജൈവികവും അപ്രായോഗികവുമായ സങ്കല്‍പങ്ങള്‍ ദൈവിക കല്‍പനകളായി അവതരിപ്പിക്കുന്ന, ലിംഗ സമത്വത്തെപ്പറ്റി ഏറ്റവും പിന്തിരിപ്പനും വഷളനുമായ സങ്കല്‍പങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഇവിടങ്ങള്‍ ലൈംഗിക പീഡനങ്ങളുടെ കേന്ദ്രങ്ങളാവുന്നത് തീര്‍ത്തും സ്വാഭാവികമാണ്.
മത പഠന കേന്ദ്രങ്ങളിലെ പീഡനങ്ങള്‍ ഇല്ലാതാവണമെങ്കില്‍ ഈ അടിസ്ഥാന കാരണങ്ങളെ അഡ്രസ് ചെയണം. പൊതു സമൂഹത്തിലുള്ളതിലും വളരെ ഉയര്‍ന്ന അനുപാതത്തില്‍ പീഡനം ഇവിടെ നടക്കുന്നുവെന്ന് അംഗീകരിക്കലാണ് ആദ്യ പടി. അത് തുറന്ന് പറയുന്നവരെ ഇസ്ലാമോഫോബിയയുടെ പരിച കൊണ്ട് നേരിടുമ്പോള്‍ ഈ കൊച്ചു കുട്ടികളാണ് വീണ്ടും വീണ്ടും ഇരകളാവുന്നത്. നൂറ്റമ്പത് ശതമാനം തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ഗോവിന്ദ ചാമിമാരുടെ വിളയാട്ട കേന്ദ്രമാവുന്നതിന് ഏതോ നൂറ്റാണ്ടില്‍ മരിച്ച് പോയ കാള്‍ മാര്‍ക്‌സിനെയോ ലിബറലുകളെയോ കുറ്റം പറയുന്നതിലെ പരിഹാസ്യതയെങ്കിലും മനസ്സിലാക്കാന്‍ സാധിക്കണം.
ഈ മദ്രസകളും മത സ്ഥാപനങ്ങളും ഉള്‍കൊള്ളുന്ന പൗരോഹിത്യ, സ്ത്രീ വിരുദ്ധ വ്യവസ്ഥയിലെ നിര്‍ണായക കണ്ണികളാണ് മത പ്രഭാഷകര്‍. വന്‍ ഫ്രോഡുകളാണ് ഇവരില്‍ പലരും. അതിലൊരുത്തനാണ് കാട്ടില്‍ വെച്ച് സ്‌കൂള്‍ കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പിടി കൂടിയ ഷഫീഖ് ഖാസിമി. പോപുലര്‍ ഫ്രണ്ടിന്റെ നൂറായിരം വക ഭേദങ്ങളില്‍ ഒന്നായ ഇമാം കൗണ്‍സിലിന്റെ നേതാവായിരുന്ന ഖാസിമിയുടെ പ്രസംഗങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവും അതിനനുസൃതമായ ജീര്‍ണ പൗരോഹിത്യ മത വ്യാഖ്യാനങ്ങളുമായിരുന്നു.
സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നവര്‍ സ്ത്രീ പീഡനം ലാഘവത്തോടെ കാണുന്നതില്‍ അത്ഭുതമില്ല. “പ്രവാചക നിന്ദ”കര്‍ക്കെതിരായ ആക്രോശവും അക്രമവുമൊന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്കെതിരെ ഇല്ല. കാരണം പോലും എന്തെന്ന് വിശദീകരിക്കാതെ പുറത്താക്കിയതായ രണ്ട് വരി എഫ്.ബി സ്റ്റാറ്റസാണ് ഇമാം കൗണ്‍സിലിന്റെ ആകെയുള്ള വിശദീകരണം. പ്രവാചക സ്‌നേഹം നിറഞ്ഞ് തുളുമ്പിയിരുന്ന ലേഖനങ്ങളും ഖുര്‍ആന്‍, ഹദീസ് വചനങ്ങളും പ്രവഹിച്ച പോലെ പെണ്‍ കുട്ടികളോടുള്ള സ്‌നേഹമൊന്നും ഒഴുകുന്നില്ല. ഒരു ഭാഗത്ത് കൂടി വഷളന്‍ നിലപാടിനെ ന്യായീകരിക്കാന്‍ നോക്കുമ്പോള്‍ തന്നെ മറു വശത്ത് “”മറ്റുള്ളവരെ പോലെ ന്യായീകരിക്കാന്‍ നില്‍ക്കാത്ത” പാര്‍ട്ടിയെ സ്വയം അഭിനന്ദിക്കാനും തൊഴിലാളികള്‍ കഷ്ടപ്പെടുന്നുണ്ട്.
ഇതിലൊന്നും അത്ഭുതമില്ല. മത സ്ഥാപനങ്ങളിലും മദ്രസകളിലുമൊക്കെ പെണ്ണുങ്ങളെ നിയമിക്കാന്‍ നോക്കുന്നതിനെ ഇവരെല്ലാം ശക്തമായെതിര്‍ക്കുന്നതും ഇതേ കാരണം കൊണ്ടാണ്. മതത്തിന്റെ പേരിലുള്ള ചൂഷണവും തട്ടിപ്പും തുടരണമെങ്കില്‍ ഈ പൗരോഹിത്യ വ്യവസ്ഥിതി അനിവാര്യമാണ്. സ്ത്രീകള്‍ അതിന് തടസ്സമാണ്. ജനാധിപത്യവും സുതാര്യതയും അതിന് തടസ്സമാണ്. അത് കൊണ്ട് തന്നെ ഇതെല്ലാം എതിര്‍ക്കപ്പെടുന്നു.
ഈ പൗരോഹിത്യ, ജീര്‍ണ വ്യവസ്ഥയെ സംരക്ഷിക്കുന്നതാണ് മുസ്ലിം രാഷ്ട്രീയം എന്നതാണ് പോപുലര്‍ ഫ്രണ്ട്, പലപ്പോഴും മറ്റ് മുസ്ലിം സംഘടനകളും, സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഖാസിമിമാരെ അവര്‍ക്കാവശ്യമാണ്. പച്ചക്ക് പിടിക്കപ്പെട്ടാല്‍ പുറത്താക്കുമ്പോള്‍ പോലും കാണിക്കുന്ന സൗമനസ്യവും വിശാല മനസ്്കതയും അതാണ് തെളിയിക്കുന്നതും. ഇവരൊക്കെ പിടിക്കപ്പെട്ടാലും പെണ്ണുങ്ങളെ കുറിച്ച് ഇവര്‍ എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ വഷളത്തരങ്ങള്‍ “ആധികാരിക” ഇസ്ലാമിക വ്യാഖ്യാനങ്ങളായി തുടരുന്നു എന്നതാണ് അതിലേറെ വലിയ ദുരന്തം.
വാല്‍:
1. സ്വവര്‍ഗാനുരാഗവും ഇസ്ലാമുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സ്വവര്‍ഗാനുരാഗികളായ മുസ്ലിങ്ങളെ സമുദായത്തില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയും നീചവും നിന്ദ്യവുമായ ഭാഷയില്‍ അധിക്ഷേപിക്കാനും മുതിര്‍ന്ന ഇസ്ലാം സംരക്ഷകരായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഹൈലൈറ്റ്. ഇന്ന് പക്ഷേ അവരാരും അതേ ഭാഷയോ ശൈലിയോ ഖാസിമിക്കോ പാര്‍ട്ടിക്കോ നേരെ ഉപയോഗിച്ചില്ല. എന്ന് മാത്രമല്ല, “നല്ല നിലപാടെടുത്ത” പാര്‍ട്ടിക്കാരെ പരസ്പരം അഭിനന്ദിക്കുന്ന തിരക്കിലുമായിരുന്നു.
2. ജാമിദ “ടീച്ചര്‍” ഇസ്ലാമിനെയും മുസ്ലിങ്ങളെയും അവഹേളിച്ചെന്ന് പറഞ്ഞ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് തെറിയഭിഷേകം നടത്തിയവര്‍ക്ക് എന്ത് കൊണ്ടാണ് ഖാസിമി “ഉസ്താദ്” അങ്ങനെ ചെയ്തതായി തോന്നാത്തത് ? എന്താണ് “ടീച്ചറി” ല്‍ നിന്ന് “ഉസ്താദി” ലേക്കെത്തുമ്പോള്‍ സംരക്ഷണത്തിന് വരുന്ന മാറ്റം ?
3. ഒരു വനിതാ മാധ്യമ പ്രവര്‍ത്തക താന്‍ മദ്രസയില്‍ പഠിക്കുന്ന കാലത്ത് ദൃക്‌സാക്ഷിയായ പീഡനം വിവരിച്ച് പോസ്റ്റിട്ടപ്പോള്‍ അവര്‍ നേരിട്ട സംഘടിത ആക്രമണവും ഭീഷണികളും എല്ലാവരും കണ്ടതാണ്. ഇസ്ലാമിനെയും മുസ്ലിങ്ങളെയും അവര്‍ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നായിരുന്നു ഇവരുടെ വാദം. എന്ത് കൊണ്ടാണ് ഖാസിമി അങ്ങനെയൊരാക്രമണം നേരിടാത്തത് ?
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് !