മേജര്‍ ലീഗ് സോക്കര്‍ (എം.എല്‍.എസ്) ഒന്നാം റൗണ്ടിലെ പ്ലേഓഫിലെ രണ്ടാം മത്സരത്തില്‍ നാഷ്‌വില്ലിനോട് തോറ്റ് ഇന്റര്‍ മയാമി. രണ്ടിനെതിരെ ഒരു ഗോളിനാണ് ടീമിന്റെ തോല്‍വി. സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ അടിച്ചിട്ടും പന്തടക്കം കൈപിടിയിലായിട്ടും ദി ഹെറോണ്‍സ് തോല്‍വി വഴങ്ങുകയായിരുന്നു.
ആദ്യ വിസില്‍ മുഴങ്ങി ഒമ്പത് മിനിട്ടുകള്‍ക്കകം തന്നെ നാഷ്‌വില്‍ ലീഡ് നേടിയിരുന്നു. സാം സുറിഡ്ജ് പെനാല്‍റ്റിയിലൂടെയായിരുന്നു ടീമിനായി ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയില്‍ തന്നെ നാഷ്‌വില്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തി. 45ാം മിനിട്ടില്‍ ജോഷ് ബൗറാണ് നാഷ്വില്ലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനും ഗോള്‍ നേടാനും മയാമി താരങ്ങള്‍ ആക്രമണവുമായി കുതിച്ചു. അതിന്റെ ഫലമെന്നോണം 90ാം മിനിട്ടില്‍ ടീമിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. മെസിയാണ് ടീമിനായി വല കുലുക്കിയത്.
പിന്നീട് മറ്റൊരു ഗോള്‍ നേടാനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്റര്‍ മയാമി താരങ്ങള്‍ക്ക് പന്ത് വലയിലെത്തിക്കാനായില്ല. ഫൈനല്‍ വിസിലെത്തിയതോടെ നാഷ്‌വില്ലിന് ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനായി.
69 ശതമാനം പന്തടക്കവുമായാണ് മയാമി നാഷ്‌വില്ലിനെ നേരിട്ടത്. എന്നാല്‍ എതിരാളികളുടെ ശക്തമായ ചേര്‍ത്ത് നില്‍പ്പില്‍ ടീമിന് ജയം അകലുകയായിരുന്നു.
അതേസമയം, എം.എല്‍.എസിന്റെ ഫസ്റ്റ് റൗണ്ട് പ്ലേ ഓഫിലെ ഒന്നാം മത്സരത്തില്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാഷ്‌വില്ലിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഈ മത്സരത്തില്‍ മയാമി വിജയം അനിവാര്യമായിരുന്നു.
എന്നാല്‍, പരാജയപ്പെട്ടതോടെ ആരെത്തുമെന്ന് അറിയാന്‍ ഇരുടീമും നവംബര്‍ എട്ടിന് വീണ്ടും ഏറ്റുമുട്ടും. ഇതിലെ ഫലമായിരിക്കും മയാമിയുടെയും നാഷ്വിലിന്റെയും ഭാവി നിര്‍ണയിക്കുക.
Content Highlight: Nashville defeated Inter Miami in MLS playoff even after Lionel Messi scores for team