| Monday, 24th March 2025, 11:04 am

ലൊക്കേഷനില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേന്‍. കരിയറിന്റെ തുടക്കകാലത്ത് തന്നെ സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നരേന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നീട് മലയാളത്തിന് പുറമെ തമിഴ് സിനിമയിലേക്കും താരം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളത്തില്‍ അവസരം കുറഞ്ഞിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ നരേന് കഴിഞ്ഞു. ഇപ്പോള്‍ നടന്‍ കാര്‍ത്തിയോടും സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവരോടുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍. പത്ത് വര്‍ഷത്തിലേറെയായി കാര്‍ത്തി സുഹൃത്താണെന്നും താന്‍ സിനിമയെ കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നുവെങ്കില്‍ അത് കാര്‍ത്തിയോടായിരിക്കുമെന്നും നരേന്‍ പറയുന്നു.

ലോകേഷിനൊപ്പം എപ്പോഴും അതേ രൂപഭാവമുള്ള അഞ്ചോ ആറോ അസിസ്റ്റന്റുമാരുണ്ടാകും. അവരെ എല്ലാം സ്വതന്ത്ര സംവിധായകരാക്കാന്‍ അദ്ദേഹം ശ്രമിക്കും. അതിനായി ഒപ്പം നില്‍ക്കും – നരേന്‍

കൈതിയുടെ സെറ്റിലെത്തിയപ്പോള്‍, ലൊക്കേഷനില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയെന്ന് വരില്ലെന്നും അതുകൊണ്ട് ഒന്നും തോന്നരുതെന്ന് ലോകേഷ് പറഞ്ഞിരുന്നുവെന്നും നരേന്‍ പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്ത് വര്‍ഷത്തിലേറെയായി കാര്‍ത്തി സുഹൃത്താണ്. മഞ്ജുവും (ഭാര്യ) കാര്‍ത്തിയുടെ ഭാര്യ രഞ്ജിനിയും ചങ്ങാതിമാരാണ്. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും ഏതാണ്ട് ഒരുപോലെയാണ്. മണിരത്‌നം സാറിന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ കാര്‍ത്തി. പ്രൊജക്ട് ഡിസൈന്‍ ചെയ്‌തെടുക്കുന്നതിനെ കുറിച്ച് വലിയ ധാരണയുണ്ട്.

ഞാന്‍ സിനിമയെ കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നുവെങ്കില്‍ അത് കാര്‍ത്തിയോടായിരിക്കും

ഞാന്‍ സിനിമയെ കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നുവെങ്കില്‍ അത് കാര്‍ത്തിയോടായിരിക്കും. സംവിധായകന്‍ ലോകേഷ് കൈതിയെ കുറിച്ച് കാര്‍ത്തിയോട് സംസാരിച്ചപ്പോള്‍ പൊലീസ് വേഷം ഞാനാണ് ചെയ്യുന്നതെന്ന് സൂചിപ്പിച്ചു. അത്തരം കഥാപാത്രങ്ങള്‍ ഞാനിനി ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചത് കാര്‍ത്തിക്കറിയാം.

ഞാന്‍ ‘നോ’ പറയുമോ എന്ന് സംശയിച്ചാകാം ആ കഥാപാത്രത്തെ കുറിച്ച് കാര്‍ത്തിയാണ് സംസാരിച്ചത്. ഒന്നാമത്തെ ചുവടുവെച്ച് അടുത്ത പടിയിലേക്കല്ല പത്താമത്തേതിലേക്കാണ് ലോകേഷ് ചാടിക്കയറിയത്.

കൈതിയുടെ സെറ്റിലെത്തിയപ്പോള്‍ ലോകേഷ് പറഞ്ഞു, ‘സാര്‍ ലൊക്കേഷനില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയെന്ന് വരില്ല. അതുകൊണ്ട് ഒന്നും തോന്നരുത്’ എന്ന്. മുഴുവന്‍ സമയം സിനിമക്കായി ഓടി നടക്കുന്ന ഒരാളെയാണ് ഞാനപ്പോള്‍ കണ്ടത്. ലോകേഷിനൊപ്പം എപ്പോഴും അതേ രൂപഭാവമുള്ള അഞ്ചോ ആറോ അസിസ്റ്റന്റുമാരുണ്ടാകും. അവരെ എല്ലാം സ്വതന്ത്ര സംവിധായകരാക്കാന്‍ അദ്ദേഹം ശ്രമിക്കും. അതിനായി ഒപ്പം നില്‍ക്കും,’ നരേന്‍ പറയുന്നു.

Content Highlight: Narain Talks About His Friendship With Karthi And Lokesh Kanagaraj

We use cookies to give you the best possible experience. Learn more