| Friday, 14th March 2025, 10:03 pm

വളരെ കഴിവുള്ള നടി; ഒറ്റ സിനിമകൊണ്ടുതന്നെ തമിഴിലെ തിരക്കുള്ള നായികയായി മാറി: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് ഭാവന. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവനക്ക് തന്റെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞിരുന്നു.

തമിഴിലെ എന്റെ ആദ്യത്തെ നായികയാണ് ഭാവന – നരേന്‍

ഭാവനയെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍. ഇരുവരും ഒന്നിച്ച് തമിഴില്‍ ചിത്തിരം പേസുതേ എന്ന സിനിമ ചെയ്തിരുന്നു. തമിഴിലെ തന്റെ ആദ്യത്തെ നായികയാണ് ഭാവനയെന്ന് നരേന്‍ പറയുന്നു. വളരെ കഴിവുള്ള നടിയാണ് ഭാവനയെന്നും ഒറ്റ സിനിമകൊണ്ടുതന്നെ തമിഴിലെ തിരക്കുള്ള നായികയായി മാറാന്‍ ഭാവനക്ക് കഴിഞ്ഞെന്നും നരേന്‍ കൂട്ടിച്ചേര്‍ത്തു.

‘തമിഴിലെ എന്റെ ആദ്യത്തെ നായികയാണ് ഭാവന. ലൊക്കേഷനില്‍ എത്തുമ്പോള്‍ മുതല്‍ ഞാനും ഭാവനയും മലയാളം സംസാരിച്ചു തുടങ്ങും. രണ്ടുപേരും തൃശൂര്‍ക്കാരാണല്ലോ. ഞങ്ങള്‍ മലയാളം പറയുന്നതുകേട്ട് മിഷ്‌ക്കിന് (സംവിധായകന്‍) ദേഷ്യം പിടിച്ചുവെന്നും ഞങ്ങളെ കാസ്റ്റ് ചെയ്യണ്ടായിരുന്നുവെന്ന് പോലും മിഷ്‌ക്കിന് തോന്നി.

വളരെ കഴിവുള്ളയാളാണ് ഭാവന. ആ ഒറ്റ സിനിമകൊണ്ടു തന്നെ ആ ഭാഷയില്‍ വളരാന്‍ അവര്‍ക്ക് സാധിച്ചു

ചിത്തിരം പേസുതേ എന്ന സിനിമ തീരാന്‍ 9 മാസമെടുത്തു. ചിത്തിരം പേസുതേയുടെ ലാസ്റ്റ് ഷെഡ്യൂളിന് ഭാവന വന്നപ്പോള്‍ ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് എന്നോട് ചോദിച്ചു. അതിനിടയില്‍ ഭാവന നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കുകയും അതില്‍ രണ്ടു സിനിമ റിലീസാവുകയും ചെയ്തിരുന്നു.

വളരെ കഴിവുള്ളയാളാണ് ഭാവന. ആ ഒറ്റ സിനിമകൊണ്ടു തന്നെ ആ ഭാഷയില്‍ വളരാന്‍ അവര്‍ക്ക് സാധിച്ചു. ഞങ്ങള്‍ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ ആദം ജോണാണ്. അന്ന് ഞങ്ങള്‍ സ്‌കോട്ട്‌ലന്റിലെ ഒരു റെസ്റ്റോറന്റിന്റെ പുറത്തിരുന്ന് പിസ കഴിച്ചിരുന്നു. വീണ്ടും ഞാനവിടെ പോയപ്പോള്‍ ഫോട്ടോ എടുത്തു. ഇനിയത് ഭാവനക്ക് അയച്ചുകൊടുക്കണം,’ നരേന്‍ പറയുന്നു.

Content highlight: Narain talks about Bhavana

We use cookies to give you the best possible experience. Learn more