| Sunday, 20th April 2025, 10:42 pm

ജീവിതത്തില്‍ മറക്കാനാകാത്ത സിനിമാറ്റിക് മൊമന്റ് ആ സിനിമയുടെ റീ റിലീസിന് പോയപ്പോള്‍, നടനെന്ന നിലയിലും അച്ഛനെന്ന നിലയിലും ജയിച്ച അവസ്ഥ: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ് മസാല ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി എന്ന പേരിലറിയപ്പെടുന്ന ഘണ്ടാ നവീന്‍ ബാബു. അദ്ദേഹം നായകനായെത്തിയ ജേഴ്‌സി, ശ്യാം സിംഹ റോയ്, ദസറ, ഹൈ നാന തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ ഹിറ്റുകളായിരുന്നു.

ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സിനിമാ മൊമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് നാനി. താന്‍ നായകനായ ജേഴ്‌സി അടുത്തിടെ റീ റിലീസ് ചെയ്തിരുന്നെന്നും മികച്ച റെസ്‌പോണ്‍സായിരുന്നു ആ സിനിമക്കെന്നും നാനി പറഞ്ഞു. ആ സിനിമ കാണാന്‍ തന്റെ മകനെയും കൂട്ടി തിയേറ്ററില്‍ പോയിരുന്നെന്നും ആ ഷോ ഹൗസ്ഫുള്ളായിരുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ താന്‍ ഒരു മാച്ചില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി തിരിച്ച് നടക്കുമ്പോള്‍ മകന്റെ കഥാപാത്രം തന്നെ നോക്കി ബഹുമാനപൂര്‍വം തല കുമ്പിടുന്ന സീനുണ്ടായിരുന്നെന്ന് നാനി പറഞ്ഞു. സ്‌ക്രീനില്‍ ആ സീന്‍ വന്നപ്പോള്‍ തിയേറ്ററിലുണ്ടായിരുന്ന എല്ലാവരും തന്നെ നോക്കി അതുപോലെ ചെയ്തുവെന്നും തന്റെ മകന്‍ അത് കണ്ട് അത്ഭുതപ്പെട്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു.

ആ സമയത്തെ തന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കില്ലെന്നും സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞെന്നും നാനി പറഞ്ഞു. ഒരു നടന്‍ എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും ജീവിതത്തില്‍ ഏറ്റവും സാറ്റിസ്ഫാക്ഷന്‍ തോന്നിയ നിമിഷം അതായിരുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു നാനി.

‘ജീവിതത്തില്‍ മറക്കാനാകാത്ത സിനിമാറ്റിക് മൊമന്റ് ഒരെണ്ണം ഉണ്ടായിട്ടുണ്ട്. എന്റെ ജേഴ്‌സി എന്ന സിനിമ ഈയടുത്ത് റീ റിലീസ് ചെയ്തിരുന്നു. നല്ല റെസ്‌പോണ്‍സായിരുന്നു കിട്ടിയത്. ആ സിനിമ കാണാന്‍ മകനെയും കൂട്ടി തിയേറ്ററില്‍ പോയി. ആ ഷോ ഹൗസ്ഫുള്ളായിരുന്നു. മകന്‍ ആദ്യമായാണ് ആ സിനിമ കാണുന്നത്. ആറ് വയസ്സാണ് അവന്.

ആ സിനിമയില്‍ ഒരു സീനുണ്ട്. എന്റെ കഥാപാത്രം സെഞ്ച്വറി നേടി തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോള്‍ മകന്‍ എനിക്ക് ബഹുമാനപൂര്‍വം തല കുമ്പിടുന്ന സീനുണ്ട്. 800ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു. ഒരു അച്ഛനെന്ന നിലയിലും നടനെന്ന നിലയിലും ആ സമയത്തെ എന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാനാകില്ല,’ നാനി പറയുന്നു.

Content Highlight: Nani shares the re release experience of Jersey movie

We use cookies to give you the best possible experience. Learn more