| Saturday, 26th April 2025, 4:34 pm

ആയിരം കോടി ചെലവഴിച്ചൊരുക്കിയ സിനിമകളെക്കാള്‍ വലിയ മാജിക് ആ തമിഴ് ചിത്രത്തിനുണ്ട്, ഈ പതിറ്റാണ്ടിലെ എന്റെ ഫേവറെറ്റ് സിനിമയാണത്: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായാണ് നാനി സിനിമാജീവിതം ആരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ ഈഗ എന്ന ചിത്രത്തിലൂടെയാണ് നാനി നായകനായി അരങ്ങേറിയത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തെലുങ്കിലെ മുന്‍നിരയില്‍ നാനി ഇടംപിടിച്ചു. നിര്‍മാതാവെന്ന നിലയിലും നാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഈയടുത്ത് കണ്ട തമിഴ് സിനിമകളില്‍ തനിക്ക് പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നാനി. കഴിഞ്ഞ വര്‍ഷത്തെയെന്നല്ല, ഈ പതിറ്റാണ്ടില്‍ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മെയ്യഴകനാണെന്ന് നാനി പറഞ്ഞു. ആ സിനിമ കണ്ട് താന്‍ ഒരുപാട് കരഞ്ഞെന്നും വല്ലാതെ മനസില്‍ തട്ടിയ ഒന്നാണ് മെയ്യഴകനെന്നും നാനി കൂട്ടിച്ചേര്‍ത്തു.

ആയിരം കോടി ചെലവഴിച്ച് വമ്പന്‍ സെറ്റുകളെല്ലാം ഒരുക്കി വരുന്ന സിനിമകളെക്കാള്‍ വലിയ മാജിക്ക് മെയ്യഴകനുണ്ടെന്നും നാനി പറഞ്ഞു. സിനിമ കണ്ട ശേഷം താന്‍ സംവിധായകന്‍ കാര്‍ത്തിയെ വിളിച്ച് സംസാരിച്ചെന്നും തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞെന്നും നാനി കൂട്ടിച്ചേര്‍ത്തു. അരവിന്ദ് സ്വാമിയും കാര്‍ത്തിയും വളരെ നല്ല പെര്‍ഫോമന്‍സായിരുന്നെന്നും നാനി പറഞ്ഞു.

ഹൃദയത്തെ സ്പര്‍ശിക്കുന്ന സിനിമകള്‍ വളരെ വിരളമാണെന്നും അത്തരത്തിലൊരു സിനിമ ഒരുക്കിയതില്‍ താന്‍ കാര്‍ത്തിയോടും അരവിന്ദ് സ്വാമിയോടും പ്രേം കുമാറിനോടും കടപ്പെട്ടിരിക്കുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഹിറ്റ് 3യുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് നാനി ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷത്തെ എന്നല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും മികച്ച സിനിമയായി ഞാന്‍ പറയുക മെയ്യഴകനായിരിക്കും. അത്രക്ക് മനോഹരമായ ചിത്രമാണത്. എന്തൊരു മാജിക്കലായിട്ടുള്ള ഒന്നാണ് ആ പടം. ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുന്ന കഥയും പെര്‍ഫോമന്‍സുമായിരുന്നു. സിനിമ കണ്ട ശേഷം ഞാന്‍ ഒരുപാട് കരഞ്ഞു.

ആയിരം കോടിയൊക്ക ചെലവാക്കി, വലിയ സെറ്റൊക്കെ ഉണ്ടാക്കി ഒരുങ്ങുന്ന സിനിമകളെക്കാള്‍ വലിയ മാജിക് മെയ്യഴകനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ കണ്ട ഉടനെ ഞാന്‍ കാര്‍ത്തിയെ വിളിച്ച് സംസാരിച്ചു. കാര്‍ത്തിയുടെയും അരവിന്ദ് സ്വാമിയുടെയും പെര്‍ഫോമന്‍സ് എനിക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. പ്രേം കുമാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുകയാണെന്നും കാര്‍ത്തിയോട് പറഞ്ഞിരുന്നു. അത്രക്ക് നല്ല സിനിമയാണ് അത്,’ നാനി പറയുന്നു.

Content Highlight: Nani saying Meiayazhagan is his favorite movie in this decade

We use cookies to give you the best possible experience. Learn more