| Tuesday, 29th April 2025, 3:35 pm

മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്ന് എന്നോട് ചോദിച്ചാല്‍ എന്റെ മറുപടി അതാകും, ആ യുവനടനൊപ്പം വര്‍ക്ക് ചെയ്യാനും ആഗ്രഹമുണ്ട്: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ് മസാല ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി. അദ്ദേഹം നായകനായെത്തിയ ജേഴ്സി, ശ്യാം സിംഹ റോയ്, ദസറ, ഹൈ നാന തുടങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റുകളായിരുന്നു.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സരിപ്പോദ ശനിവാരവും വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നാനി. തന്നോട് ആരും ഇതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ലെന്ന് നാനി പറഞ്ഞു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രയാസമാണെന്നും രണ്ടുപേരെയും തനിക്ക് ഇഷ്ടമാണെന്ന് നാനി പറഞ്ഞു.

മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ ചിദംബരത്തെക്കുറിച്ചും നാനി സംസാരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസിന് ശേഷം ചിദംബരം തന്നെ കണ്ടിരുന്നെന്നും ഒരു കഥ പിച്ച് ചെയ്തിരുന്നെന്നും നാനി പറഞ്ഞു. എന്നാല്‍ ആ കഥയില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പിന്നീട് വന്നില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പറയാന്‍ കഴിയില്ലെന്നും നാനി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ സംവിധായകരുമായും ആര്‍ട്ടിസ്റ്റുകളുമായും ചേര്‍ന്ന് വര്‍ക്ക് ചെയ്യാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും നാനി പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന് ശേഷം ചിദംബരവുമായി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതുപോലെ ഫഹദ് ഫാസിലിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യണമെന്ന മോഹമുണ്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു നാനി.

‘ഒരുപാട് തവണ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നിട്ടുണ്ടെങ്കിലും മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴാണ് അങ്ങനെയൊരു ചോദ്യം കേള്‍ക്കുന്നത്. എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്. രണ്ടുപേരും വ്യത്യസ്ത ചിത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തിയവരാണ്.

ചിദംബരവുമായി ഒരു കഥ ഡിസ്‌കസ് ചെയ്തിരുന്നു എന്ന് കേട്ടത് ശരിയാണ്. അത് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസായ സമയത്തായിരുന്നു. അയാള്‍ എന്റെയടുത്ത് വന്ന് ഒരു കഥ പിച്ച് ചെയ്തു. എന്നാല്‍ അതില്‍ പിന്നീട് അപ്‌ഡേറ്റൊന്നും വന്നിട്ടില്ല. അതുകൊണ്ട് ആ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാകില്ല. മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളുടെ കൂടെയും ടെക്‌നീഷ്യന്മാരുടെ കൂടെയും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചിദംബരവുമായി വര്‍ക്ക് ചെയ്യണം, ഫഹദിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്,’ നാനി പറയുന്നു.

Content Highlight: Nani saying he never faced the question that who did he like most Mammootty or Mohanlal

Latest Stories

We use cookies to give you the best possible experience. Learn more