| Tuesday, 29th April 2025, 9:02 am

ആ സിനിമയില്‍ കമല്‍ സാര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സീന്‍ ഞാന്‍ അനുകരിക്കാന്‍ നോക്കി, ഏഴയലെത്തെത്തിയില്ല എന്ന് എനിക്ക് തന്നെ ബോധ്യമായി: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായാണ് നാനി സിനിമാജീവിതം ആരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ ഈഗ എന്ന ചിത്രത്തിലൂടെയാണ് നാനി നായകനായി അരങ്ങേറിയത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തെലുങ്കിലെ മുന്‍നിരയില്‍ നാനി ഇടംപിടിച്ചു. നിര്‍മാതാവെന്ന നിലയിലും നാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കമല്‍ ഹാസന്റെ കടുത്ത ആരാധകനാണ് താനെന്ന് പറയുകയാണ് നാനി. കമല്‍ ഹാസന്റെ സിനിമകളും അദ്ദേഹത്തിന്റെ അഭിനയവും തന്നെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്റെ ഓരോ സിനിമയിലും അദ്ദേഹം ചെയ്തുവെച്ച ചെറിയ ചില സീനുകള്‍ പോലും താന്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും നാനി പറയുന്നു.

വിരുമാണ്ടി എന്ന സിനിമയിലെ കോടതി സീനില്‍ കമല്‍ ഹാസന്‍ ഇരുന്ന് ഉറങ്ങുന്ന സീന്‍ താന്‍ അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളതെന്ന് നാനി പറഞ്ഞു. ആ സീനില്‍ വിരുമാണ്ടി എന്ന പേര് കോടതിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ കമല്‍ ഹാസന്‍ ഉറക്കത്തില്‍ നിന്ന് എണീറ്റ ശേഷം മീശയൊക്കെ തടവുന്നുണ്ടെന്നും ആ സീന്‍ അത്രയും ഭംഗിയായി മറ്റൊരാളും ചെയ്യില്ലെന്നും നാനി കൂട്ടിച്ചേര്‍ത്തു.

അത്രമാത്രം ഒറിജിനാലിറ്റിയാണ് കമലിന്റെ പ്രകടനത്തിനെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ലെജന്‍ഡ് എന്ന് വിളിക്കുന്നതെന്നും നാനി പറഞ്ഞു. ഏതാണ്ട് അതുപോലൊരു സീന്‍ ഹൈ നാനാ എന്ന സിനിമയില്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് നാനി കൂട്ടിച്ചേര്‍ത്തു. ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്ന സീന്‍ ഇനി ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നും എന്നാല്‍ കമല്‍ ഹാസന്‍ ചെയ്തതിന്റെ ഏഴയലത്ത് എത്തിയില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും നാനി പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു നാനി.

‘കമല്‍ സാറിന്റെ വലിയൊരു ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകളും പെര്‍ഫോമന്‍സും എന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. കമല്‍ സാറിന്റെ ഓരോ സിനിമയിലും അദ്ദേഹം ചെറിയൊരു കാര്യത്തില്‍ പോലും സൂക്ഷ്മമായ പെര്‍ഫോമന്‍സ് നടത്തും. അതിന്റെ ഒരു ഉദാഹരണമാണ് വിരുമാണ്ടി എന്ന സിനിമ. ആ സിനിമയില്‍ അദ്ദേഹം കോടതിയിലിരുന്ന് ഉറങ്ങുന്ന സീനുണ്ട്.

പെട്ടെന്ന് ജഡ്ജി ആ കഥാപാത്രത്തിന്റെ പേര് വിളിക്കുമ്പോള്‍ കമല്‍ സാര്‍ ഞെട്ടി എഴുന്നേല്ക്കും. ആ സീനില്‍ ഒരു സാധാരണക്കാരന്‍ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാണ് കമല്‍ സാര്‍ ബിഹേവ് ചെയ്തത്. താടിയൊക്കെ തടവി ഉറക്കം മുഖത്തുനിന്ന് കളയുന്ന ഷോട്ട് എനിക്ക് വലിയ ഇഷ്ടമാണ്. ഏതാണ്ട് അതുപോലെയൊന്ന് ഹൈ നാനാ എന്ന സിനിമയില്‍ ഞാന്‍ ചെയ്തുനോക്കി. ഏഴയലത്തെത്തിയില്ലെന്ന് എനിക്ക് ബോധ്യമായി,’ നാനി പറയുന്നു.

Content Highlight: Nani about Kamal Haasan’s performance in Virumaandi movie

We use cookies to give you the best possible experience. Learn more