| Thursday, 13th March 2025, 3:55 pm

സിനിമാലോകം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയ്‌ലര്‍? രാജുവിന്റെ എല്ലാ കാര്യങ്ങളും സര്‍പ്രൈസാണ്: നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്. എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസിന് എത്തുന്നത്.

ചിത്രം റിലീസാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ട്രെയ്‌ലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. എമ്പുരാന്റെ ട്രെയ്‌ലര്‍ എപ്പോഴാകും എന്ന ചോദ്യത്തിന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് നടന്‍ നന്ദു. ലൂസിഫറില്‍ പീതാംബരന്‍ എന്ന കഥാപാത്രമായി എത്തിയത് നന്ദു ആയിരുന്നു. എമ്പുരാനിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

‘അതിനെ കുറിച്ച് എനിക്ക് എന്തെങ്കിലും അറിയാമായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനേ. എനിക്ക് ഇപ്പോള്‍ നിലയില്‍ എമ്പുരാന്റെ അപ്‌ഡേറ്റിനെ കുറിച്ച് വലിയ സൂചനയൊന്നും ലഭിച്ചിട്ടില്ല. പിന്നെ രാജുവിന്റെ എല്ലാ കാര്യങ്ങളും സര്‍പ്രൈസാണല്ലോ. അതുപോലെ സര്‍പ്രൈസായിട്ട് എന്തെങ്കിലും വരുമായിരിക്കും.

ഇതിന്റെ ഇടയില്‍ ടീസര്‍ ലോഞ്ചിങ്ങൊക്കെ ഉണ്ടായിരുന്നല്ലോ. എന്നെ വിളിച്ചിരുന്നെങ്കിലും അന്ന് എനിക്ക് പോകാന്‍ പറ്റിയിരുന്നില്ല. അതുപോലെ ഇനി ട്രെയ്‌ലര്‍ ലോഞ്ചോ മറ്റോ ഉണ്ടാകുമായിരിക്കാം. പക്ഷെ അത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല.

ഇനി എന്തായാലും സിനിമ വരാന്‍ കുറച്ച് ദിവസങ്ങളല്ലേ ബാക്കിയുള്ളൂ. രണ്ടാഴ്ചയാണ് ബാക്കിയുള്ളത്. എങ്ങനെയാകും അതിന്റെ അപ്‌ഡേറ്റെന്ന് അറിയില്ല. എല്ലാവരും എക്‌സ്‌പെക്റ്റ് ചെയ്യുന്നത് പോലെ ഞാനും അതേ എക്‌സ്‌പെക്‌റ്റേഷനിലാണ് നില്‍ക്കുന്നത്. സിനിമയുടെ ബാക്കി കാര്യങ്ങളൊക്കെ ജനങ്ങളുടെ കയ്യിലാണ്,’ നന്ദു പറഞ്ഞു.

Content Highlight: Nandhu Talks About Empuraan Trailer And Prithviraj Sukumaran

Latest Stories

We use cookies to give you the best possible experience. Learn more