| Saturday, 8th February 2025, 10:19 am

എനിക്ക് ഇപ്പോഴും പേടിയുള്ള മലയാള നടന്‍; പുറത്തുനിന്ന് നോക്കുമ്പോള്‍ അദ്ദേഹം റഫും ടഫുമാണ്: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് നമിത തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് (2011) എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. എന്നാല്‍ നമിതക്ക് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ (2012) എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു.

2023ല്‍ കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നമിത ‘സമ്മര്‍ടൗണ്‍ കഫേ’ എന്ന പേരില്‍ ഒരു കഫേ ആരംഭിച്ചിരുന്നു. അന്ന് ഉദ്ഘാടന ദിവസം നടന്‍ മമ്മൂട്ടി കഫേയില്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്.

അപര്‍ണയുടെ അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നടി. പുറത്തുനിന്ന് നോക്കുമ്പോള്‍ മമ്മൂട്ടി വളരെ റഫും ടഫുമാണെന്ന് തോന്നുമെന്നും പക്ഷെ തനിക്ക് ഇപ്പോഴും പേടിയുള്ള ആളാണ് മമ്മൂട്ടിയെന്നും നമിത പറഞ്ഞു.

‘ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എനിക്ക് സിനിമയില്‍ ഇഷ്ടമുള്ള വ്യക്തികളില്‍ ഒരാളാണ് മമ്മൂക്ക. വളരെ നല്ല വാം ആയ ആളാണ് അദ്ദേഹം. പുറത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹം വളരെ റഫും ടഫും ആണെന്ന് തോന്നും. പക്ഷെ എനിക്ക് ഇപ്പോഴും പേടിയുള്ള ആളാണ് മമ്മൂക്ക (ചിരി).

അദ്ദേഹത്തിന് ഒരു ഓറയുണ്ട്. ഓരോ ആളുകള്‍ക്കും ഓറയുണ്ട്. അത്തരത്തില്‍ എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ എന്റെ കഫേ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് മെസേജ് അയച്ച് കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ മമ്മൂക്ക മറുപടി തന്നിരുന്നു.

പിന്നെ ജോര്‍ജേട്ടനുമായി കോര്‍ഡിനേറ്റ് ചെയ്തു. രമേഷേട്ടനും (രമേഷ് പിഷാരടി) ഉണ്ടായിരുന്നു. മമ്മൂക്കയ്ക്ക് അന്ന് രാവിലെ എന്തോ ഷൂട്ട് ഉണ്ടായിരുന്നു. വൈകുന്നേരം വരാം എന്നായിരുന്നു പറഞ്ഞത്. സത്യത്തില്‍ കടയുടെ ഉദ്ഘാടനം കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയിരുന്നു.

അപ്പോളാണ് ജോര്‍ജേട്ടനോ രമേഷേട്ടനോ മറ്റോ എന്നെ വിളിക്കുന്നത്. ‘നീ എവിടെയാണ്. മമ്മൂക്ക കഫേയിലേക്ക് വരുന്നുണ്ട്’ എന്ന് പറഞ്ഞതും ഞാന്‍ തിരിച്ച് കഫേയിലേക്ക് തന്നെ വരികയായിരുന്നു. അന്ന് മമ്മൂക്ക എന്റെ കഫേയിലേക്ക് വന്നപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു,’ നമിത പ്രമോദ് പറഞ്ഞു.

Content Highlight: Namitha Pramod Talks About Mammootty

We use cookies to give you the best possible experience. Learn more