| Saturday, 12th September 2026, 7:32 pm

സെമിയില്‍ ഒറ്റ ഓവറില്‍ അഞ്ച് സിക്‌സര്‍, 37 പന്തില്‍ 91!! മൊഹാലിയെ തീ പിടിപ്പിച്ച് മുംബൈ ഇന്ത്യന്‍സ് സിംഹം

ആദർശ് എം.കെ.

ഷേര്‍ ഇ പഞ്ചാബ് ടി-20 ലീഗ് സെമി ഫൈനലില്‍ മൊഹാലി കിങ്‌സിനെതിരെ ഗംഭീര വിജയവുമായി അമൃത്സര്‍ സൂര്‍മാസ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്‍മാസിന്റെ വിജയം.

മൊഹാലി കിങ്‌സ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ നമന്‍ ധിറിന്റെ കരുത്തില്‍ 21 പന്ത് ശേഷിക്കെ അമൃത്സര്‍ മറികടന്ന് ഫൈനലിലെത്തുകയായിരുന്നു.

37 പന്ത് നേരിട്ട് ആറ് സിക്‌സറും പത്ത് ഫോറും അടക്കം 91 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ഇന്നിങ്‌സില്‍ അടിച്ച ആറ് സിക്‌സറില്‍ അഞ്ചും ഒറ്റ ഓവറില്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

സൂര്‍മാസ് ഇന്നിങ്‌സിലെ അഞ്ചാം ഓവറിലാണ് ധിര്‍ സിക്‌സറുമായി വെടിക്കെട്ട് തീര്‍ത്തത്. പന്തെറിയാനെത്തിയ ഇടംകയ്യന്‍ സ്പിന്നർ ഹര്‍ഷ്ദീപ് സിങ്ങിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് ധിര്‍ സ്വീകരിച്ചത്. മിഡ് വിക്കറ്റിന് മുകളിലൂടെ രണ്ടാം പന്ത് സിക്‌സറിന് പറത്തിയ താരം ലോങ് ഓണിന് മുകളിലൂടെ മൂന്നാം പന്തും ഗ്യാലറിയിലെത്തിച്ചു.

നാലാം പന്ത് ഡോട്ടായെങ്കിലും അടുത്ത രണ്ട് പന്തിലും സിക്‌സര്‍ നേടിയ താരം ഓവറില്‍ 30 റണ്‍സും അടിച്ചെടുത്തു.

പത്താം ഓവറിലെ അവസാന പന്തില്‍ ലവ്ദീപ് സിങ്ങിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 37 പന്തില്‍ 91 റണ്‍സുമായി മൊഹാലി കിങ്‌സിനെ നിലംപരിശാക്കിയിരുന്നു. 245.95 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

നമന്‍ ധിറിന് പുറമെ നാലാം നമ്പറിലെത്തിയ അഭയ് ചൗധരിയും തിളങ്ങി. 36 പന്തില്‍ പുറത്താകാതെ 51 റണ്‍സാണ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. നമന്‍ ധിറിനൊപ്പം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് അമൃത്സറിന് വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മൊഹാലി കിങ്‌സ് അന്‍മോല്‍പ്രീത് സിങ് (26 പന്തില്‍ 43), ക്യാപ്റ്റന്‍ രമണ്‍ദീപ് സിങ് (28 പന്തില്‍ 42), ഹര്‍പ്രീത് ബ്രാര്‍ (27 പന്തില്‍ പുറത്താകാതെ 37), സോഹ്‌റാബ് ദലിവാല്‍ (13 പന്തില്‍ 26) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

എന്നാല്‍ നമന്‍ ധിറിന്റെ കരുത്തില്‍ സൂര്‍മാസ് അനായാസ വിജയവും ഫൈനല്‍ സ്‌പോട്ടും സ്വന്തമാക്കുകയായിരുന്നു.

നാളെയാണ് ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം. രണ്ടാം സെമി ഫൈനലിലെ ലുധിയാന ലയണ്‍സ് – ജലന്ധര്‍ വാറിയേഴ്‌സ് മത്സരത്തിലെ വിജയികളെയാണ് സൂര്‍മാസിന് നേരിടാനുള്ളത്.

Content highlight: Naman Dhir’s explosive batting performance in Sher E Punjab T20 League

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more