ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ ടെസ്റ്റ് ഗല്ലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സാണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. ബംഗ്ലാദേശ് പുലികള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയും മുഷ്ഫിഖര്‍ റഹ്മാനുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
260 പന്തില്‍ നിന്ന് ഒരു സിക്‌സും 14 ഫോറും ഉള്‍പ്പെടെ 136 റണ്‍സ് ആണ് ഷാന്റോ നേടിയത്. അതേസമയം മുഷ്ഫിഖര്‍ റഹീം 186 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 105 റണ്‍സും നേടി മികവ് പുലര്‍ത്തി. ഇരുവരും പുറത്താകാതെ ക്രീസില്‍ തുടരുന്നത് ബംഗ്ലാദേശിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ആദ്യ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റനും മുഷ്ഫിഖറും മധ്യനിരയില്‍ ശക്തമായ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു. 200 പ്ലസ് റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ട്. ഇതിനെല്ലാം പുറമെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ഷാന്റോയ്ക്ക് സാധിച്ചിരിക്കുകയാണ്.
ടെസ്റ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ബെംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ഷാന്റോയ്ക്ക് സാധിച്ചത്. മാത്രമല്ല ഈ നേട്ടത്തില്‍ മഹമ്മദുള്ള റിയാദ്, മുഹമ്മദ് അഷ്‌റഫുള്‍ എന്നിവര്‍ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു.
മാത്രമല്ല 2025-2027 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ ആദ്യ സെഞ്ച്വറി നേടുന്ന താരമായി മാറാന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് സാധിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ 21 ഇന്റര്‍നാഷണല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനമാണ് മുഷ്ഫിഖര്‍ റഹീനും സാധിച്ചത്.
ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ശ്രീലങ്ക തുടങ്ങിയത്. ഓപ്പണര്‍മാരായ സതാം ഇസ്‌ലാം 14 റണ്‍സിനും അനമുല്‍ ഹഖ് പൂജ്യം റണ്‍സിനും മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് സമ്മര്‍ദത്തിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ മൊനീമുല്‍ ഹഖ് ക്രീസില്‍ നിലയിറപ്പിച്ചതോടെ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 29 റണ്‍സിന് താരം മടങ്ങിയത് ബംഗ്ലാദേശിന് വീണ്ടും തിരിച്ചടിയായി. അതേസമയം ശ്രീലങ്കയ്ക്ക് വേണ്ടി തൈരിന്തു രത്‌നയാകെ രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി.
Content Highlight: Najmul Hossain Shanto In Great Record Achievement For Bangladesh