ഷാകിബ് അടക്കമുള്ള ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ലങ്കന്‍ സിംഹങ്ങള്‍ വിറച്ച ക്യാപ്റ്റന്‍ കടുവയുടെ ഗര്‍ജനം
Sports News
ഷാകിബ് അടക്കമുള്ള ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ലങ്കന്‍ സിംഹങ്ങള്‍ വിറച്ച ക്യാപ്റ്റന്‍ കടുവയുടെ ഗര്‍ജനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 3:39 pm

 

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മുമ്പില്‍ 296 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബംഗ്ലാദേശ്. അഞ്ചാം ദിവസത്തിന്റെ രണ്ടാം സെഷനില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി നില്‍ക്കവെ ബംഗ്ലാദേശ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തിയത്. 199 പന്തില്‍ പുറത്താകാതെ 125 റണ്‍സാണ് ഷാന്റോ അടിച്ചെടുത്തത്.

ഇതോടെ ഒരു റെക്കോഡും ബംഗ്ലാ നായകന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനായാണ് ഷാന്റോ റെക്കോഡിട്ടത്. ഗല്ലെ വേദിയാകുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 279 പന്ത് നേരിട്ട താരം 148 റണ്‍സും സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് ചരിത്രത്തില്‍ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന 16ാം ക്യാപ്റ്റനായും ഷാന്റോ മാറി.

പത്ത് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശിനായി ക്യാപ്റ്റന് പുറമെ ഓപ്പണര്‍ ഷദ്മന്‍ ഇസ്‌ലാമും മികച്ച പ്രകടനം പുറത്തെടുത്തു. 126 പന്തില്‍ 76 റണ്‍സാണ് ഇസ്‌ലാം അടിച്ചെടുത്തത്.

102 പന്തില്‍ 49 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് മറ്റൊരു റണ്‍ഗെറ്റര്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനായി മുഷ് ഫിഖര്‍ റഹീമും സെഞ്ച്വറി നേടിയിരുന്നു. 350 പന്ത് നേരിട്ട് 163 റണ്‍സാണ് റഹീം ആദ്യ ഇന്നിങ്‌സില്‍ നേടിയത്. 123 പന്തില്‍ 90 റണ്‍സടിച്ച ലിട്ടണ്‍ ദാസും ആദ്യ ഇന്നിങ്‌സില്‍ തിളങ്ങി.

ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റ് നേടിയപ്പോള്‍ മിലന്‍ രത്‌നനായകെ, തരിന്ദു രത്‌നനായകെ എന്നിവര്‍ മൂന്ന് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഓപ്പണര്‍ പാതും നിസങ്ക 256 പന്തില്‍ 187 റണ്‍സ് സ്വന്തമാക്കി. കാമിന്ദു മെന്‍ഡിസ് (148 പന്തില്‍ 87), ദിനേഷ് ചണ്ഡിമല്‍ (119 പന്തില്‍ 54) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ ലങ്ക 485 റണ്‍സിന് പുറത്തായി.

ഫൈഫറുമായി തിളങ്ങിയ നയീം ഹസനാണ് ലങ്കയെ ലീഡ് നേടാന്‍ അനുവദിക്കാതിരുന്നത്. ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തൈജുല്‍ ഇസ്‌ലാമും മോമിനുല്‍ ഹഖും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: Najmul Hossain Shanto becomes 1st Bangladesh captain to score centuries in both innings of a test