| Friday, 2nd May 2025, 7:20 pm

ബീഹാർ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അല്ലു അർജുന്റെ പുഷ്പ വിജയിക്കാൻ ഒരു കാരണമുണ്ട്: നാഗാർജുന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അർജുൻ ചന്ദനക്കടത്തുകാരനായെത്തിയ പുഷ്പയുടെ ഒന്നും രണ്ടും ഭാഗങ്ങൾ തെന്നിന്ത്യയേക്കാൾ കൂടുതൽ കളക്ഷൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടൻ നാഗാർജുന. പുഷ്പരാജിനെപ്പോലുള്ള ഒരു കഥാപാത്രം ബീഹാർ, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രേക്ഷകർക്ക് പുതുജീവൻ പകരുന്ന ഒന്നായിരുന്നുവെന്നും അതുകൊണ്ടാണ് യഥാർത്ഥ പതിപ്പിനേക്കാൾ കൂടുതൽ വരുമാനം ഹിന്ദിയിൽ ചിത്രം നേടിയതെന്നും നാഗാർജുന പറയുന്നു.

നോർത്തിൽ പ്രേക്ഷകർക്ക് കൂടുതലും യഥാർത്ഥ ജീവിതവുമായി ബന്ധമില്ലാത്ത ഹീറോസിനെ കാണാനാണ് താത്പര്യമെന്നും അവരുടെ ജീവിതത്തേക്കാൾ വലിയ നായകന്മാരെ കാണണം എന്നുള്ളതുകൊണ്ടാണ് പുഷ്പ, കെ.ജി.എഫ്, ബാഹുബലി പോലുള്ള സിനിമകൾക്ക് കൂടുതൽ കാണികൾ നോർത്തിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാൻ-ഇന്ത്യൻ സിനിമ: മിത്ത് അല്ലെങ്കിൽ മൊമെന്റം?’ എന്ന ഒന്നാം ലോക ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയുടെ സെഷനിൽ സംസാരിക്കുകയായിരുന്നു നാഗാർജുന.

‘പുഷ്പയ്ക്ക് മുമ്പ് സമാനമായ കഥകൾ തെലുങ്കിൽ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് അത് പുതിയ കാര്യമല്ലായിരുന്നു. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബീഹാർ, പഞ്ചാബ്, യു.പി എന്നിവിടങ്ങളിൽ പുഷ്പ, യാഷിന്റെ ‘കെ.ജി.എഫ്’,’ബാഹുബലി’ എന്നിങ്ങനെയുള്ള സിനിമകളിലെ റോക്കിയെ പോലുള്ള നായകന്മാരെ കാണാൻ നോർത്തത്തിലുള്ളവർ കൂടുതലും ആഗ്രഹിച്ചു.

അവർക്ക് അത്തരം നായകന്മാരെ കാണണം എന്നുണ്ടായിരുന്നു. അവരുടെ ജീവിതത്തേക്കാൾ വലിയ നായകന്മാരെ കാണണം എന്നുണ്ടായിരുന്നു. ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം, ദൈനംദിന ജീവിതം നയിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. സിനിമകൾ കണ്ട് സമ്മർദ്ദം മറികടക്കാൻ ആഗ്രഹിക്കുമ്പോൾ, അവർ സ്‌ക്രീനിൽ മാജിക് കാണാൻ ആഗ്രഹിക്കുന്നു,’ നാഗാർജുന പറഞ്ഞു.

ബാഹുബലി എന്ന സിനിമയെ കുറിച്ചും നാഗാർജുന സംസാരിച്ചു. ബാഹുബലി ഒരു തെലുങ്ക് ചിത്രമാണെന്നും തന്റെ വേരുകളിലും ഭാഷയിലും അത്രയും അഭിമാനമുള്ളതുകൊണ്ടുതന്നെ തെലുങ്ക് സംസ്ക്കാരവുമായി ബന്ധപ്പെടുത്തിയാണ് രാജമൗലി ആ ചിത്രമെടുത്തതെന്നും അത് ലോകമെമ്പാടുമുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

‘രാജമൗലി ബാഹുബലി ചിത്രീകരിച്ചത് ഫ്രെയിം ടു ഫ്രെയിം ഒരു തെലുങ്ക് ചിത്രമാണെന്ന ബോധ്യത്തോടെയാണ്. തന്റെ വേരുകളിലും ഭാഷയിലും അദ്ദേഹത്തിന് വളരെയധികം അഭിമാനമുണ്ടായിരുന്നു. ഒരു തെലുങ്ക് സിനിമ പോലെയാണ് അദ്ദേഹം അത് ചിത്രീകരിച്ചത്, ലോകമെമ്പാടുമുള്ള ആളുകൾക്ക് ബാഹുബലി ഇഷ്ടപ്പെട്ടു,’ നാഗാർജുന പറയുന്നു.

Content Highlight: Nagarjuna says People in north wanted to see larger-than-life heroes like ‘Pushpa’ and ‘KGF’

Latest Stories

We use cookies to give you the best possible experience. Learn more