തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് അക്കിനേനി നാഗാര്‍ജുന. പഴയകാല സൂപ്പര്‍സ്റ്റാര്‍ അക്കിനേനി നാഗേശ്വര്‍ റാവുവിന്റെ മകനാണ് താരം. ബാലതാരമായി സിനിമയിലേക്കെത്തിയ നാഗാര്‍ജുന, വിക്രം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി താരത്തിനെ ശ്രദ്ധേയനാക്കി. ഇന്നും ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയിലും നാഗാര്‍ജുന ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന. ലോകേഷ് തന്നോട് കഥ പറയാന്‍ വേണ്ടി വന്നപ്പോള്‍ വില്ലന്‍ വേമാണ് തനിക്കെന്ന് ലോകേഷ് സൂചിപ്പിച്ചെന്ന് താരം പറഞ്ഞു.
തനിക്ക് കഥ ഇഷ്ടമായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് താന് ചോദിച്ചെന്നും കഥ ഇഷ്ടമായില്ലെങ്കില്‍ ചായയും കുടിച്ച് പോകുമെന്ന് അയാള്‍ പറഞ്ഞെന്നും നാഗാര്‍ജുന പറയുന്നു. ലോകേഷ് കഥ പറഞ്ഞ് പകുതിയായപ്പോള്‍ തന്നെ താന്‍ ഹുക്കായെന്നും ലോകേഷിനോട് ഓക്കെ പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകേഷ് എന്നോട് കൂലിയുടെ കഥ പറയാന്‍ വന്നപ്പോള്‍ തന്നെ എന്റേത് വില്ലന്‍ കഥാപാത്രമാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ‘എനിക്ക് കഥ ഇഷ്ടമായില്ലെങ്കില്‍ എന്ത് ചെയ്യും’ എന്ന് അയാളോട് ചോദിച്ചു. ‘കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു കപ്പ് ചായയും കുടിച്ചിട്ട് ഞാന്‍ പോകും’ എന്നായിരുന്നു മറുപടി.
അങ്ങനെ അയാള്‍ കഥ പറഞ്ഞ് തുടങ്ങി. പകുതിയായപ്പോഴേക്ക് ഞാന്‍ ഹുക്കായി. ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷേ, എന്റെ കഥാപാത്രത്തെപ്പറ്റി മുഴുവനായി കേട്ടപ്പോള്‍ ഇത്രയും വയലന്റായിട്ടുള്ള ആളുകള്‍ ഉണ്ടാകുമോ എന്ന് ലോകേഷിനോട് ചോദിച്ചു. ‘റിയല്‍ ലൈഫില്‍ ഇതിലും ക്രൂരന്മാരായ ആള്‍ക്കാരുണ്ട്’ എന്ന് അയാള്‍ പറഞ്ഞു. സിനിമയെക്കുറിച്ച് നല്ല അറിവുള്ളയാളാണ് ലോകേഷ്, നാഗാര്‍ജുന പറയുന്നു.
രജിനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന കൂലിയില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര അണിനിരക്കുന്നുണ്ട്. കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ്, മലയാളികളുടെ സ്വന്തം സൗബിന്‍ എന്നിവരോടൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്‍ അതിഥിവേഷവും പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങളാണ്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nagarjuna about his character in Coolie