| Saturday, 27th April 2024, 8:51 pm

'ലാലേട്ടന്‍ വിരല്‍ കൊണ്ട് അഭിനയിക്കുന്നത് പോലെയാവാന്‍ എന്തെങ്കിലും വകുപ്പുണ്ടോ?'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. മലയാളികളുടെ പ്രിയതാരം ടൊവിനോയാണ് ചിത്രത്തിലെ നായകനായ ഡേവിഡ് പടിക്കലായി എത്തുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനാകുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലെ ടൊവിനോയുടെ ലുക്കും സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആദ്യ മൂന്ന് സിനിമകളും ഹിറ്റായ നടന്‍ ഡേവിഡ് പടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍സ്റ്റാറാകുന്നതും പിന്നീട് കരിയറില്‍ ഡൗണാകുമ്പോള്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. തിരിച്ചുവരവില്‍ താരത്തിനെ അഭിനയം പഠിപ്പിക്കാനെത്തുന്ന ട്രെയിനറായിട്ടാണ് സൗബിന്‍ എത്തുന്നത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും സിനിമക്കുള്ളിലെ സിനിമയുടെ ഷൂട്ടിങുമെല്ലാം ചേര്‍ന്ന് മികച്ച അനുഭവമാണ് ട്രെയ്‌ലര്‍ സമ്മാനിച്ചത്.

ടൊവിനോക്ക് പുറമെ സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, ഭാവന, സൗബിന്‍ ഷാഹിര്‍, ചന്തു സലിമകുമാര്‍, മധുപാല്‍, രഞ്ജിത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസറിനും പിന്നാലെയിറങ്ങിയ പ്രൊമോ സോങിനും ഗംഭീര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വന്‍ ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന സുവിന്‍ സോമശേഖരനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മെയ് മൂന്നിന് നടികര്‍ തിയേറ്ററുകളിലെത്തും.

Content Highlight: Nadikar trailer out

Latest Stories

We use cookies to give you the best possible experience. Learn more