| Monday, 10th March 2025, 8:21 am

ഇനി സിനിമ ചെയ്യുമോയെന്ന് പോലും അറിയാത്ത സമയത്താണ് ആ സൂപ്പര്‍ഹിറ്റ് അമ്മ വേഷം എന്നെ തേടി വന്നത്: നദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗേളി മാത്യു എന്ന കഥാപാത്രമായി എത്തി തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. ഫാസിലിന്റെ സംവിധാനത്തില്‍ എത്തിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് (1984) എന്ന സിനിമയിലൂടെയായിരുന്നു നദിയ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാനും നദിയക്ക് കഴിഞ്ഞിരുന്നു.

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ നദിയ അഭിനയിച്ചിരുന്നു. തമിഴില്‍ അന്നത്തെ മിക്ക മുന്‍നിര താരങ്ങള്‍ക്കൊപ്പവും അവര്‍ക്ക് അഭിനയിക്കാന്‍ സാധിച്ചു. 1988ല്‍ വിവാഹം കഴിഞ്ഞ നദിയ 1994ന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് എം. രാജ സംവിധാനം ചെയ്ത എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ നദിയ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ആ ചിത്രത്തില്‍ നായകനായ രവി മോഹന്റെ (ജയം രവി) അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്.

എന്നാല്‍ അത് താന്‍ സിനിമയിലേക്ക് ഇനി വരുമോയെന്ന് പോലും അറിയാത്ത സമയമായിരുന്നുവെന്ന് പറയുകയാണ് നദിയ. സംവിധായകന്‍ എം. രാജയ്ക്ക് തന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നെന്നും അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നുവെന്നും നടി പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നദിയ മൊയ്ദു.

‘സത്യത്തില്‍ ഇനി സിനിമയിലേക്ക് വരുമോയെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മുപ്പത് കൊല്ലം മുമ്പുള്ള കാര്യമാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് കല്യാണം കഴിഞ്ഞതും നേരെ അമേരിക്കയ്ക്ക് പോയി. ശേഷം അവിടുന്ന് വന്നിട്ട് ഒരു പടം ചെയ്യുമെന്ന് കരുതിയിരുന്നില്ല. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നുവേണം പറയാന്‍.

കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. ശേഷം ആ ജീവിതത്തില്‍ മാത്രമായിരുന്നു ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്. ഇടക്ക് പടങ്ങള്‍ വന്നിരുന്നു. ഒന്നുരണ്ട് പടങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. ജയറാമിന്റെ കൂടെ വധു ഡോക്ടറാണ് (1994) എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അവസാനം ചെയ്തത് ഒരു ഹീറോയിന് പ്രാധാന്യമുള്ള സിനിമ തന്നെയായിരുന്നു.

സംവിധായകന്‍ രാജയാണ് എന്നോട് എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ കാര്യം ആദ്യം പറയുന്നത്. അതില്‍ നായകന്റെ അമ്മ വേഷമാണ് ചെയ്യേണ്ടത്. രാജയ്ക്ക് എന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നു. അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നു.

ആ സമയത്ത് ഞാന്‍ എന്റെ ഇരുപതുകളില്‍ അല്ലെന്ന് എനിക്ക് അറിയാമായിരുന്നു. സമയം അനുസരിച്ച് നമ്മളും മാറണമല്ലോ. അതുകൊണ്ട് ആ സിനിമ കുഴപ്പമില്ലെന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ ആ കഥാപാത്രവും വളരെ നല്ലതായിരുന്നു. വളരെ സ്‌ട്രോങ്ങായിരുന്നു. വളരെ പോസിറ്റീവായ കഥാപാത്രവുമായിരുന്നു,’ നദിയ മൊയ്തു പറയുന്നു.


Content Highlight: Nadhiya Moidu Talks About M Kumaran S/O Mahalakshmi Movie

Latest Stories

We use cookies to give you the best possible experience. Learn more