| Friday, 14th March 2025, 8:01 am

ഞാന്‍ ലാലേട്ടന് മുന്നില്‍ ജാഡയിട്ട് ഇരുന്നു; അദ്ദേഹത്തിന്റെ റിയാക്ഷനാണ് ആ സീനിനെ മറ്റൊരു തലത്തിലെത്തിച്ചത്: നദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുക്കാന്‍ നദിയക്ക് സാധിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോക്കെത്താദൂരത്ത് കണ്ണുംനട്ട്.

സിനിമയില്‍ ഗേളി മാത്യു എന്ന കഥാപാത്രമായാണ് നദിയ എത്തിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാനും നദിയക്ക് കഴിഞ്ഞു. നദിയ മൊയ്തുവിന് പുറമെ പത്മിനി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്നും നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ കണ്ടവര്‍ മറക്കാത്ത ഒരു സീനാണ് നദിയ മൊയ്തുവും മോഹന്‍ലാലും ചേര്‍ന്നുള്ള കണ്ണട സീന്‍. ഇപ്പോള്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് നദിയ.

തന്റെ ചെറുപ്പം കാരണം അന്ന് തനിക്ക് സിനിമയിലെ കണ്ണട സീനിന്റെ ഇന്റന്‍സിറ്റി മനസിലായിരുന്നില്ലെന്നാണ് നടി പറയുന്നത്. സീനിന്റെ ഇംപാക്റ്റ് അറിയുന്നത് സിനിമ കണ്ടപ്പോഴാണെന്നും മോഹന്‍ലാലിന്റെ റിയാക്ഷനാണ് ശരിക്കും ആ സീനിനെ മറ്റൊരു തലത്തില്‍ എത്തിച്ചതെന്നും നദിയ പറഞ്ഞു.

‘എന്റെ ചെറുപ്പം കാരണമാകാം, അന്ന് എനിക്ക് സിനിമയിലെ കണ്ണട സീനിന്റെ ഇന്റന്‍സിറ്റി മനസിലായിരുന്നില്ല. എന്നോട് ഫാസില്‍ സാര്‍ സീന്‍ എക്‌സ്‌പ്ലെയിന്‍ ചെയ്തു തന്നു. എങ്ങനെ ഇരിക്കണമെന്നും എന്ത് പറയണമെന്നും മാത്രം അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെയാണ് ഞാന്‍ ആ സീന്‍ ചെയ്യുന്നത്.

എന്നാല്‍ ആ സീനിന്റെ ഇംപാക്റ്റ് ഞാന്‍ അറിയുന്നത്, സിനിമ കാണുമ്പോഴാണ്. പിന്നെ ആളുകള്‍ ആ സീനിനെ കുറിച്ച് പറയുമ്പോഴും കാര്യം മനസിലായി. ആ സീന്‍ എഴുതിയിരിക്കുന്ന ഭംഗിയെ കുറിച്ച് പറയാതിരിക്കാനാവില്ല. ഒപ്പം സീനിലെ ലാലേട്ടന്റെ റിയാക്ഷന്‍സിനെ കുറിച്ചും പറയേണ്ടതാണ്. അത് ശരിക്കും മികച്ച റിയാക്ഷനായിരുന്നു.

അദ്ദേഹത്തിന്റെ റിയാക്ഷനാണ് ശരിക്കും ആ സീനിനെ മറ്റൊരു തലത്തില്‍ എത്തിച്ചത്. കാരണം ഞാന്‍ അവിടെ ഒരു കണ്ണടയും വെച്ചിട്ട് ഇരിക്കുന്നതേയുള്ളൂ. ഞാന്‍ സാധാരണ മട്ടില്‍ കണ്ണടയും വെച്ചിട്ട് കുറച്ച് ജാഡയില്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ട് കുറച്ച് നാച്ചുറലായി തോന്നി. ലാലേട്ടന്റെ അപ്പോഴുള്ള ബോഡി ലാംഗ്വേജിനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല,’ നദിയ മൊയ്തു പറഞ്ഞു.

Content Highlight: Nadhiya Moidu Talks About Kannada Scene In Nokkethadhoorathu Kannum Nattu Movie With Mohanlal

We use cookies to give you the best possible experience. Learn more