ഹാറ്റ്‌സ് ഓഫ് നദാല്‍; തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ബോയിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് നദാല്‍, വീഡിയോ
French Open 2018
ഹാറ്റ്‌സ് ഓഫ് നദാല്‍; തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ബോയിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് നദാല്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd June 2018, 1:07 pm

പാരീസ്: തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ ബോയിയുടെ ആഗ്രഹം സഫലീകരിച്ച് കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌കോയെ തോല്‍പ്പിച്ചതിനുശേഷമായിരുന്നു ബോള്‍ ബോയിയുടെ സ്വപ്‌നത്തിനായി റാഫ സമയം കണ്ടെത്തിയത്.

വിജയത്തിനുശേഷം നടന്ന അഭിമുഖത്തിനിടെ അവതാരകയാണ് ഫ്രഞ്ച് ഓപ്പണിലെ ബോള്‍ ബോയിയുടെ ആഗ്രഹം നദാലിനെ അറിയിക്കുന്നത്.

” താങ്കള്‍ക്ക് ലോകത്തെമ്പാടും ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ അവരേക്കാളേറെ നിങ്ങളെ ആരാധിക്കുന്നവനാണ് ഈ കുട്ടി. നിങ്ങള്‍ക്കെതിരെ ടെന്നീസ് കളിക്കണമെന്നാണ് ഇവന്റെ ആഗ്രഹം. നിങ്ങള്‍ക്കത് സാധിപ്പിച്ചുകൊടുക്കാമോ?”

അവതാരകയുടെ ചോദ്യത്തിന് അതേയെന്ന് ഉത്തരം പറഞ്ഞ നദാല്‍ ഉടന്‍ തന്നെ തന്റെ കിറ്റില്‍ നിന്ന് റാക്കറ്റെടുത്ത് ബോള്‍ ബോയിയ്ക്ക് നല്‍കി. കാണികളുടെ കൈയടികള്‍ക്കിടെ ഇരുവരും എയ്‌സുകള്‍ തൊടുത്തു. പതിയെ തുടങ്ങിയ ബോള്‍ ബോയി പിന്നീട് റാഫയ്ക്കുനേരെ ബാക്ക് ഹാന്‍ഡിലും ഫോര്‍ഹാന്‍ഡിലും ഷോട്ടുകളുതിര്‍ത്തു.

അമേരിക്കന്‍ മുന്‍താരവും കമന്റേറ്ററുമായ ജോണ്‍ മക്‌നോറും ബോള്‍ ബോയിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

” അസാധാരണമായ കാഴ്ചയാണിത്. ആ കുട്ടി ഗാസ്‌കോയെക്കാള്‍ നന്നായി കളിച്ചുവെന്നാണ് എനിയ്ക്ക് തോന്നുന്നത്.” മക്‌നോര്‍ കൂട്ടിച്ചേര്‍ത്തു.

6-3, 6-2, 6-2 എന്ന സ്‌കോറിനാണ് റാഫേല്‍ നദാല്‍ ഗാസ്‌കോയെ പരാജയപ്പെടുത്തിയത്. പത്ത് തവണ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള നദാല്‍ ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.