'വണ്ടി കിട്ടിയാല്‍ ഇങ്ങനെയുണ്ടൊ ഭ്രാന്ത്'; ഞാന്‍ ധോണിക്ക് ഒരു ബൈക്ക് കൊടുത്തതും അതുംകൊണ്ട് ഒറ്റ പോക്കായിരുന്നു!
Sports News
'വണ്ടി കിട്ടിയാല്‍ ഇങ്ങനെയുണ്ടൊ ഭ്രാന്ത്'; ഞാന്‍ ധോണിക്ക് ഒരു ബൈക്ക് കൊടുത്തതും അതുംകൊണ്ട് ഒറ്റ പോക്കായിരുന്നു!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th June 2022, 10:05 pm

മുന്‍ ഇന്ത്യന്‍ നായകനായ എം.എസ്. ധോണിയുടെ ബൈക്ക് പ്രേമം ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ എന്നും ചര്‍ച്ചാ വിഷയമാണ്. തന്റെ വണ്ടികള്‍ മാത്രം വെക്കാന്‍ ഒരു വീട് തന്നെ അദ്ദേഹത്തിനുണ്ട്.

മുന്‍ കാലങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് കിട്ടുന്ന വണ്ടികളില്‍ ഗ്രൗണ്ടിന് ചുറ്റും കറങ്ങുന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. അതിപ്പോള്‍ തനിക്ക് കിട്ടുന്ന വണ്ടിയിലാണെങ്കിലും സഹതാരങ്ങള്‍ക്ക് കിട്ടുന്ന അവാര്‍ഡാണെങ്കിലും അദ്ദേഹം ഓടിച്ചിരിക്കും.

താരത്തിന്റെ വണ്ടി പ്രേമത്തിന്റെ ഒരു കഥ തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബി.സി.സി.ഐ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയുമായ എന്‍.ശ്രീനിവാസന്‍.

സി.എസ്.കെയിലെ ആദ്യ ദിവസം താന്‍ അദ്ദേഹത്തിന് ഒരു ബൈക്ക് കൊടുത്തെന്നും അയാള്‍ അതുംകൊണ്ട് ഒറ്റ പോക്കായിരുന്നുവെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്.

‘ആദ്യ ദിവസം ഞങ്ങള്‍ അവന് ഒരു ബൈക്ക് നല്‍കി, അവന്‍ അപ്രത്യക്ഷനായി. അവന്‍ നഗരം മുഴുവന്‍ ചുറ്റിനടന്നു. അവന്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ബൈക്കില്‍ കറങ്ങി. ഇത് ചെന്നൈയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തവും ഒരിക്കലും അവസാനിക്കാത്തതുമാക്കി മാറ്റി,” ശ്രീനിവാസന്‍ പറഞ്ഞു.

സ്‌പോര്‍ട്‌സറ്റാര്‍ കോണ്‍ക്ലേവിനോടായിരുന്നു ശ്രീനിവാസന്‍ സംസാരിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍ താരമായിരുന്നു എം.എസ്. ധോണി. സി.എസ്.കെയെ നാല് കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചെന്നൈ ഫാന്‍സ് അദ്ദേഹത്തെ ‘തല’ എന്നാണ് വിളിക്കുന്നത്.

ചെന്നൈയിലെ ഹോം ഗ്രൗണ്ടിലെ ആരാധകര്‍ക്ക് മുന്നില്‍ തന്റെ അവസാന ഐ.പി.എല്‍ മത്സരം കളിക്കാനാണ് ധോണി ആഗ്രഹിക്കുന്നത്. 2023-ല്‍ ഫ്രാഞ്ചൈസിയെ നയിക്കാന്‍ അദ്ദേഹം തയ്യാറാണ്. ഐ.പി.എല്‍ 2022-ല്‍ മഹി നായകസ്ഥാനം ഉപേക്ഷിച്ചു, എന്നാല്‍ ടീമിന്റെ പരാജയത്തെത്തുടര്‍ന്ന് രവീന്ദ്ര ജഡേജ ആ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം വീണ്ടും ക്യാപ്റ്റന്റെ സ്ഥാനം ധോണി ഏറ്റെടുത്തു.

Content Highlights: N Sreenivasan speaks about Dhonis craze towards Bikes