ഒരു ബില്യൺ യൂറോ വിലയുള്ള കാലാണ് എന്റേത്; റൊണാൾഡോ പറഞ്ഞത് വെളിപ്പെടുത്തി മുൻ സഹതാരം
football news
ഒരു ബില്യൺ യൂറോ വിലയുള്ള കാലാണ് എന്റേത്; റൊണാൾഡോ പറഞ്ഞത് വെളിപ്പെടുത്തി മുൻ സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd February 2023, 10:07 pm

യുവന്റസിൽ നിന്നും ലീഡ്‌സ് യുണൈറ്റഡിൽ എത്തിയിരിക്കുകയാണ് അമേരിക്കൻ താരമായ വെസ്റ്റേൺ മക്കെന്നി.

റൊണാൾഡോക്കൊപ്പം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ കളിച്ചിട്ടുള്ള താരത്തെ ലോണിലാണ് ലീഡ്‌സ് യുണൈറ്റഡ് യുവന്റസിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

എന്നാലിപ്പോൾ യുവന്റസിൽ കളിക്കുന്ന സമയത്ത് റൊണാൾഡോ തന്റെ കാലുകളെക്കുറിച്ച് പറഞ്ഞത് പരാമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റേൺ മക്കെന്നി.

വെസ്റ്റേൺ മക്കെന്നിയുടെ വാക്കുകളെ ഗോളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. “റൊണാൾഡോയെ പറ്റി എനിക്കൊരു കാര്യം പറയാനുണ്ട്. യുവന്റസിൽ ആയിരുന്ന സമയത്ത് റൊണാൾഡോ കാലിൽ മസാജ് ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അത് വഴി നടന്ന് പോയി.

റൊണാൾഡോയുടെ കാലുകൾ വളരെ ശക്തിയുള്ളതായി തോന്നിക്കുന്നെന്ന് ഞാൻ റോണോയോട് അഭിപ്രായപ്പെട്ടു. അപ്പോൾ എന്റെ കാലുകൾ ഒരു ബില്യൺ യൂറോ വിലയുള്ളതാണ് സുഹൃത്തേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ അത് സമ്മതിക്കുകയും ചെയ്തു,’ വെസ്റ്റേൺ മക്കെന്നി പറഞ്ഞു.

അതേസമയം പ്രതിവർഷം 225 മില്യൺ യൂറോക്ക് റോണോ സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയിട്ടുണ്ട്. ക്ലബ്ബിനായി രണ്ട് മത്സരങ്ങൾ കളിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇത് വരെ റൊണാൾഡോക്ക് അൽ നസറിനായി ഗോളുകളോ അസിസ്റ്റുകളോ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.


എന്നാൽ പി.എസ്.ജിക്കെതിരായ സന്നാഹമത്സരത്തിൽ റിയാദ് ഇലവന് വേണ്ടി ഇരട്ട ഗോളുകൾ സ്വന്തമാക്കാനും കളിയിലെ മാൻ ഓഫ് ദി മ്യാച്ച് ആയി തിരഞ്ഞെടുക്കപ്പെടാനും റൊണാൾഡോക്ക് സാധിച്ചിരുന്നു.

ശനിയാഴ്ച അൽ ഫത്തെഹിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. കളിയിൽ വിജയിക്കാൻ സാധിച്ചാൽ അൽ നസറിന് സൗദി പ്രോ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും.

 

Content Highlights:my foot is worth a billion euros Weston Mckennie revealed what Ronaldo said