ന്യൂദൽഹി: പാർലമെന്റിലെ കന്നിപ്രസംഗത്തിൽ മമതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയം (എം.എൻ.എം) നേതാവുമായ കമൽ ഹാസൻ.
വോട്ടർപട്ടിക തീവ്ര പുനപരിശോധനാ (എസ്.ഐ.ആർ) വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമപോരാട്ടം നടത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കമൽ ഹാസൻ എസ്.ഐ.ആർ രാജ്യത്തെ ബാധിക്കുന്ന രോഗമാണെന്നും അത് പരത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും പറഞ്ഞു.
മരണപ്പെട്ടു എന്നുപറഞ്ഞ് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനാൽ ബിഹാറിനെ അദ്ദേഹം ‘ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാട്’ എന്ന്പറഞ്ഞു.
‘എന്റെ ദീദി ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പോരാടുകയാണ്, അവർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്,’ അദ്ദേഹം മമതയുടെ പോരാട്ടങ്ങളെ കുറിച്ച് പറഞ്ഞു.
തമിഴ്നാട്ടിലെ പ്രാരംഭഘട്ട എസ്.ഐ.ആർ നടപടികൾ പൂർത്തിയായപ്പോൾ 97 ലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഒരു യുക്തിവാദിയായ താൻ ഈ ദുരന്തത്തിൽ നിന്നും രക്ഷപെടാൻ ദൈവത്തോട് പ്രാർത്തിക്കില്ലെന്ന് പറഞ്ഞ കമൽ ഹാസൻ താൻ ഒരു സർക്കാരിനോടും പ്രാർത്ഥിക്കില്ല ‘മരിച്ചവരെ ഉയർത്തെഴുനേൽപ്പിക്കണമെന്നും’ അതിന് അത്ഭുതങ്ങൾക്കായി കാത്തിരിക്കാനാകില്ലെന്നും പറഞ്ഞു.
‘അക്ഷരതെറ്റുകൾ ഭാഷയുടെ ശാപമാണ്, ആധുനിക സാഹിത്യം പോലും ഉള്ളടക്കത്തെ മാനിച്ചുകൊണ്ട് അത്തരം തെറ്റുകൾ ക്ഷമിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെറിയ അക്ഷരതെറ്റുകൾ കാരണം വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നു’ കമൽ രാജ്യ സഭയിൽ പ്രസംഗിച്ചു.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ), പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എസ്.ഐ.ആറിനെതിരെ നിരന്തര പ്രതിഷേധങ്ങൾ നടത്തുന്നതിനിടെയാണ് കമൽ ഹാസന്റെ പരാമർശം .
Content Highlight: My Didi in Bengal…’: Kamal Hassan extends support to Mamata’s fight against SIR, slams voter deletion