പാകിസ്ഥാനെ പമ്പരം കറക്കിയവന്‍ തിരുത്തിയത് ബംഗ്ലാദേശിന്റെ ചരിത്രം!
Cricket
പാകിസ്ഥാനെ പമ്പരം കറക്കിയവന്‍ തിരുത്തിയത് ബംഗ്ലാദേശിന്റെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st July 2025, 8:41 am

പാകിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. ഷെറി ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്ഥാനെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 19.3 ഓവറില്‍ 110 റണ്‍സ് നേടിയ പാകിസ്ഥാനെ ബംഗ്ലാദേശ് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ബംഗ്ലാദേശ് കടുവകള്‍.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഫഖര്‍ സമാനാണ്. 34 പന്തില്‍ 44 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. അബ്ബാസ് അഫ്രീദി 24 പന്തില്‍ 22 റണ്‍സും ഖുഷാദി ഷാ 23 പന്തില്‍ 17 റണ്‍സും നേടി.

ബംഗ്ലാദേശിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് തസ്‌കിന്‍ അഹമ്മദും മുസ്തഫിസൂര്‍ റഹ്‌മാനുമാണ്. 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് തസ്‌കിന്‍ നേടിയത്. എന്നാല്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ നാല് ഓവറില്‍ നിന്ന് വെറും ആറ് റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളും നേടി. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും മുസ്തഫിസൂറിന് സാധിച്ചു. ടി-20 ചരിത്രത്തില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും മികച്ച എക്കണോമിക്കല്‍ സ്‌പെല്ലാണ് മുസ്തഫിസൂര്‍ എറിഞ്ഞത്. 1.50 എന്ന എക്കോണമിയിലാണ് താരം ബൗള്‍ എറിഞ്ഞത്.

ടി-20 ചരിത്രത്തില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും മികച്ച എക്കണോമിക്കല്‍ സ്‌പെല്‍ എറിയുന്ന താരം, എക്കോണമി, ബൗളിങ് പ്രകടനം, എതിരാളി

മുസ്തഫിസൂര്‍ റഹ്‌മാന്‍ – 1.50 – 2/6 – പാകിസ്ഥാന്‍

തന്‍സിം അഹമ്മദ് – 1.75 – 4/7 – നേപ്പാള്‍

റിഷാദ് ഹൊസൈന്‍ – 1.75 – 1/7 – യു.എസ്.എ

മത്സരത്തില്‍ മെഹദി ഹസന്‍, തന്‍സിം അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ഇരുവരും തമ്മിലുള്ള അടുത്ത മത്സരം ജൂലൈ 22ന് ഷെറി ബംഗ്ലാ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

മത്സരത്തില്‍ ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം പര്‍വെസ് ഹൊസൈന്‍ ഇമോന്‍ ആണ്. 39 പന്തില്‍ 56* റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ 37 പന്തില്‍ 36 റണ്‍സ് നേടി തൗഹിദ് ഹൃദ്യോയും മികവ് പുലര്‍ത്തി.

ജാക്കര്‍ അലി 10 പന്തില്‍ 15* റണ്‍സ് നേടി. അതേസമയം പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് സല്‍മാന്‍ മിറാസാണ്. 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. അബ്ബാസ് അഫ്രീദി ഒരു വിക്കറ്റും നേടി.

Content Highlight: Mustafizur Rahman In Great Record Achievement For Bangladesh