| Tuesday, 16th September 2025, 4:13 pm

കുട്ടികളോടൊപ്പമിരുന്ന് കാണാന്‍ പറ്റിയ ചില മനോഹര കുട്ടി ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടികളുമൊത്ത് കുറച്ച് സമയം ചിലഴിക്കാനും അവരോടൊപ്പം അവര്‍ക്ക് പറ്റിയ സിനിമ കാണാനും ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല… ഇതാ കുട്ടികള്‍ക്ക് കൂടി കാണാന്‍ പറ്റിയ കുറച്ചധികം മനോഹര ചിത്രങ്ങള്‍.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (1984)

ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായ ചിത്രമാണിത്. ആദ്യത്തെ ഇന്ത്യന്‍ 3D സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തന്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയത് രഘുനാഥ് പാലേരിയാണ്. നവോദയ അപ്പച്ചനാണ് ചിത്രം നിര്‍മിച്ചത്.

പൂക്കാലം വരവായി (1991)

വിവാഹമോചിതരായ ദമ്പതികളുടെ അഞ്ച് വയസുകാരി ഗീതുവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കുട്ടി സ്‌കൂള്‍ ഡ്രൈവറുമായുള്ള സൗഹൃദത്തില്‍ അയാളുടെ വീട്ടിലേക്ക് പോകുന്നതും സ്വന്തം വീട്ടില്‍ നിന്ന് കിട്ടാത്ത സ്‌നേഹം അവിടെ നിന്നും കിട്ടുകയും ചെയ്യുന്നു. പിന്നീട് സംഭവിക്കുന്നത് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കും. ചിത്രം സംവിധാനം ചെയ്തത് കമലാണ്. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് രഞ്ജിത്ത് ആണ്.

മഞ്ചാടിക്കുരു (2012)

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിരവധി നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ്. 2008ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചിത്രം മികച്ച ചിത്രത്തിനുള്ള ഫിപ്രെസി പുരസ്‌കാരവും, മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരവും നേടി. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി.

10 വയസുുള്ള ഒരു ആണ്‍കുട്ടിയുടെ വീക്ഷണകോണില്‍ നിന്നാണ് ചിത്രം വിവരിക്കുന്നത്. ബാല്യകാല ഓര്‍മകള്‍, കുടുംബ ബന്ധങ്ങള്‍ എന്നിവയാണ് ചിത്രം പറയുന്നത്.

ടി. ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി (2010)

അച്ഛനെ കാണാന്‍ കൊതിക്കുന്ന ടി.ഡി ദാസന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഓര്‍മ വെക്കുന്നതിന് മുമ്പ് തന്നെ വിട്ടു പോയ അച്ഛന് നിരന്തരം കത്തെഴുതുന്ന കുട്ടിയാണ് ദാസന്‍. എന്നാല്‍ ആ കത്ത് കിട്ടുന്നത് ദാസന്റെ അച്ചന്‍ താമസിച്ചിരുന്ന വീട്ടിലെ പുതിയ താമസക്കാര്‍ക്കാണ്. പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ പറയുന്ന ചിത്രമാണിത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി.

പല്ലൊട്ടി 90 കിഡ്‌സ്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ നിഷ്‌കളങ്കമായ ബന്ധത്തെയാണ് കാണിക്കുന്നത്. ചിത്രം നിരവധി നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം, മികച്ച ഗായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

Content Highlight: Must watch films with your childrens

We use cookies to give you the best possible experience. Learn more