മുസ്‌ലിങ്ങള്‍ നിസ്‌ക്കരിക്കാന്‍ പോലും മറന്ന് പോവും; പള്ളികളില്‍ ഹനുമാന്‍ ചാലിസ പാടും: ഉത്തരാഖണ്ഡ് കാളി സേന
India
മുസ്‌ലിങ്ങള്‍ നിസ്‌ക്കരിക്കാന്‍ പോലും മറന്ന് പോവും; പള്ളികളില്‍ ഹനുമാന്‍ ചാലിസ പാടും: ഉത്തരാഖണ്ഡ് കാളി സേന
നിഷാന. വി.വി
Friday, 5th June 2026, 7:50 am

ഡെറാഡൂണ്‍: മുസ്‌ലിങ്ങള്‍ എങ്ങനെയാണ് നിസ്‌ക്കരിക്കുന്നതെന്ന് മറന്ന് പോവുമെന്ന ഭീഷണിയുമായി ഹിന്ദുത്വര്‍. എല്ലാ ചൊവ്വാഴ്ചയും പള്ളികളില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും ഉത്തരാഖണ്ഡ് കാളിസേനാ സംസ്ഥാന പ്രസിഡ് ഭൂപേഷ് ജോഷി മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്തി.

‘ജയ്ശ്രീറാം സഹോദരങ്ങളെ ദല്‍ഹിയിലെ മുല്ലമാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുസ്‌ലിങ്ങളെ നിങ്ങള്‍ നിസ്‌ക്കരിക്കാന്‍ പോലും മറന്ന് പോവും. നിങ്ങളുടെ അല്ലാഹുവിനെ വിളിക്കാന്‍ പോലും ഭയപ്പെടും,’ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ ജോഷി പറഞ്ഞു.

ദല്‍ഹിയില്‍ സൂര്യ ചൗഹാന്‍ എന്ന ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഭൂപേഷ് ജോഷി ഈ വിദ്വേഷ പ്രസംഗം നടത്തിയത്.

അസദ് എന്നയാള്‍ സൂര്യ ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയതായും, തുടര്‍ന്ന് പ്രതിയെ പോലീസ് എന്‍കൗണ്ടറിലൂടെ വധിച്ചതായും വിവരങ്ങളുണ്ട്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ ചേരിതിരിവ് ചൂഷണം ചെയ്താണ് ജോഷി ഭീഷണി ഉയര്‍ത്തിയത്.

ജോഷിയും കാളിസേനയും നിരന്തരമായി മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ നിസ്‌ക്കാരം പൂര്‍ണമായി നിരോധിക്കണമെന്നും തങ്ങളുടെ പ്രദേശത്ത് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌ക്കാരമോ മറ്റ് നിസ്‌ക്കാരങ്ങളോ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മയും ഭീഷണി മുഴക്കിയിരുന്നു.

മുസ്‌ലിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാഹോദര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പള്ളികള്‍ ബഹിഷ്‌ക്കരിക്കണമെന്നും അത് മാത്രമാണ് പ്രതിവിധിയെന്നും ലളിത് ശര്‍മ പറഞ്ഞു.

Content Highlight: Muslims will forget to pray; Hanuman Chalisa will be sung in mosques: Uttarakhand Kali Sena

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.