| Monday, 6th November 2017, 11:43 am

കമല്‍ഹാസന്റെ മുഖത്ത് കരിപുരട്ടുന്നവര്‍ക്ക് കാല്‍ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു തീവ്രവാദവുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ അലിഖഢിലെ മുസ്‌ലിം യൂത്ത് അസോസിയേഷന്‍. കമലിന്റെ മുഖത്ത് കരിവാരിത്തേക്കുന്നവര്‍ക്ക് കാല്‍ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് അലിഖഢിലെ മുസ്‌ലിം യുവാക്കളുടെ നേതാവ് മുഹമ്മദ് ആമിര്‍ റാഷിദ് രംഗത്തുവന്നത്.

കമല്‍ഹാസന്‍ രാജ്യദ്രോഹിയാണെന്നാണ് ഇയാള്‍ പറയുന്നത്. ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് കമല്‍ ശ്രമിക്കുന്നതെന്നാണ് ഇയാളുടെ ആരോപണം. ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരുടെ നാവു പിഴുതെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഹിന്ദുക്കള്‍ തീവ്രവാദികളായി മാറിയാല്‍ രാജ്യത്തെ മറ്റു സമുദായങ്ങളൊന്നും സുരക്ഷിതമല്ല. ഇത്തരം പരാമര്‍ശങ്ങളിലൂടെ ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ നാവുപിഴുതെടുത്തുകൊണ്ട് നിശബ്ദമാക്കണം” എന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: ‘തെരഞ്ഞെടുപ്പ് മാറി ഉദ്ധാരണമായി’ മോദിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് ലഭിച്ചത് എട്ടിന്റെ പണി


ഇത്തരം ശക്തവും പ്രകോപനപരവുമായി പ്രസംഗങ്ങള്‍ നടത്തി കമല്‍ഹാസന് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭാ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഭീഷണിയെ കമല്‍ കളിയാക്കുകയും ചെയ്തിരുന്നു. ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ വെടിവെച്ചു കൊല്ലാന്‍ മുതിരുന്നതെന്നു ചോദിച്ചായിരുന്നു കമലിന്റെ പരിഹാസം.

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്നായിരുന്നു കമലിന്റെ പരാമര്‍ശം. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more