| Friday, 15th May 2026, 8:13 am

ഭോപ്പാലില്‍ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന് മര്‍ദ്ദനം; മുഖത്ത് ചാണകം തേച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വര്‍

നിഷാന. വി.വി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ക്രൂരമായി ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.

ഇരുപത്തിയേഴുകാരനായ ആരീഫ് ഖാനെയാണ് ഹിന്ദുത്വര്‍ ആക്രമിച്ചത്. ഇയാളും പെണ്‍ സുഹൃത്തും ഹോട്ടല്‍ മുറിയിലിരിക്കവെ സംഘം അതിക്രമിച്ച് കയറുകയായിരുന്നു.

ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ മര്‍ദിക്കുകയും അര്‍ദ്ധ നഗ്നനായി തെരവിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

മുഖത്ത് ചാണകം പുരട്ടുന്നതായും പെയിന്റടിക്കുന്നതായും വീഡിയോയില്‍ കാണാം.
ആക്രമികള്‍ യുവാവിനെകൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും നിങ്ങളുടെ അല്ലാഹുവിനെ വിളിക്കൂ എന്ന് അധിക്ഷേപിക്കുന്നതായും കണാം.

മെയ് 11 ന് ഗൗതം നഗറിലെ പ്രൈഡ് ഇന്‍ ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്.
എന്നാല്‍ തങ്ങള്‍ വര്‍ഷങ്ങളായി ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ആരിഫിനെ കാണാന്‍ പോയതെന്നും യുവതി പറഞ്ഞു.

എന്നാല്‍ ഇതൊന്നും വകവെക്കാതെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഒരു പൊലീസുകാരന്‍ ആക്രമണം തടയാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ആക്രമി സംഘം അതൊന്നും വകവെക്കാതെ ആക്രമണം തുടരുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക മുസ് ലിം സമൂഹം പ്രതിഷേധ പ്രകടനം നടത്തി.

പ്രദേശവാസിയായ മുഹമ്മദ് റഹ്‌മാനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരിഫും യുവതിയും പരാതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പ്രദേശവാസികളുടെ ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. വീഡിയോയിലുള്ള 8 പേരെ അറസ്റ്റ് ചെയ്തതായും ബാക്കി രണ്ട് പേരെ രാത്രിയോടെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വര്‍ഗീയ വിദ്വേഷം വളര്‍ത്താനും സമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഗോവിന്ദ് പുര സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlight: Muslim youth beaten up in Bhopal for alleged love jihad; Hindu mob smears cow dung on his face and makes him chant Jai Shri Ram

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more