| Friday, 16th January 2026, 2:57 pm

കന്നുകാലി കടത്ത് ആരോപിച്ച് ഒഡീഷയിൽ മുസ്‌ലിം യുവാവിനെ ഗോരക്ഷകർ തല്ലിക്കൊന്നു; അഞ്ച് പേർ അറസ്റ്റിൽ

ശ്രീലക്ഷ്മി എ.വി.

ഭുവന്വേശ്വർ: ഒഡീഷയിലെ ബാലസോറിൽ മുസ്‌ലിം യുവാവിനെ ഗോരക്ഷകർ തല്ലിക്കൊന്നു. കന്നുകാലി കടത്ത് ആരോപിച്ച് 35 വയസുള്ള എസ.കെ മകന്ദർ മഹമ്മദിനെയാണ് കൊലപ്പെടുത്തിയത്.

ബാലസോറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്.

കന്നുകാലികളുമായി പോകുന്ന പിക്കപ്പ് വാൻ തടഞ്ഞുവെച്ച് ആക്രമണം നടത്തിയെന്നും അക്രമികൾ മഹമ്മദിനെ ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

പിക്കപ്പ് വാൻ അപകടവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് മഹമ്മദിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

അഞ്ച് പേർ വാൻ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് തന്റെ സഹോദരനെ ആക്രമിച്ചതായി സഹോദരൻ തന്റെ മൊഴിയിൽ പറഞ്ഞു .

പൊലീസ് പട്രോളിംഗ് വാഹനം സ്ഥലത്തെത്തി മഹമ്മദിനെ ബാലസോർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ, ആൾക്കൂട്ട കൊലപാതകത്തിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103(2) പ്രകാരം അഞ്ച് പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ബി.ജെ.പി ഭരണത്തിൻ കീഴിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചുവെന്ന് സി.പി.ഐ.എം നേതാവ് ജനാർദൻ പതി പറഞ്ഞതായി ദി ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

‘അദ്ദേഹം ഒരു തദ്ദേശീയനായിരുന്നു. ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടർന്ന് തല്ലിച്ചതച്ചു. ഇത് അവസാനിപ്പിക്കണം,’ ജനാർദൻ പതി പറഞ്ഞു.

സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് അമിയ പാണ്ഡവും ആശങ്ക പ്രകടിപ്പിച്ചു.

Content Highlight: Muslim youth beaten to death by cow vigilantes in Odisha on suspicion of cattle smuggling; five arrested

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more