ഭുവന്വേശ്വർ: ഒഡീഷയിലെ ബാലസോറിൽ മുസ്‌ലിം യുവാവിനെ ഗോരക്ഷകർ തല്ലിക്കൊന്നു. കന്നുകാലി കടത്ത് ആരോപിച്ച് 35 വയസുള്ള എസ.കെ മകന്ദർ മഹമ്മദിനെയാണ് കൊലപ്പെടുത്തിയത്.
ബാലസോറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്.
കന്നുകാലികളുമായി പോകുന്ന പിക്കപ്പ് വാൻ തടഞ്ഞുവെച്ച് ആക്രമണം നടത്തിയെന്നും അക്രമികൾ മഹമ്മദിനെ ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
പിക്കപ്പ് വാൻ അപകടവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് മഹമ്മദിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അഞ്ച് പേർ വാൻ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് തന്റെ സഹോദരനെ ആക്രമിച്ചതായി സഹോദരൻ തന്റെ മൊഴിയിൽ പറഞ്ഞു .
പൊലീസ് പട്രോളിംഗ് വാഹനം സ്ഥലത്തെത്തി മഹമ്മദിനെ ബാലസോർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.