ജനറൽ സീറ്റിൽ മുസ്‌ലിം ലീഗ് വനിതകളെ മത്സരിപ്പിക്കേണ്ട: വിമർശനവുമായി ഉമർ ഫൈസി മുക്കം
Kerala
ജനറൽ സീറ്റിൽ മുസ്‌ലിം ലീഗ് വനിതകളെ മത്സരിപ്പിക്കേണ്ട: വിമർശനവുമായി ഉമർ ഫൈസി മുക്കം
മുഹമ്മദ് നബീല്‍
Saturday, 28th March 2026, 1:50 pm

കോഴിക്കോട്: ജനറൽ സീറ്റിൽ മുസ്‌ലിം ലീഗ് വനിതകളെ മത്സരിപ്പിക്കേണ്ടെന്നും, സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ മാത്രമാണ് സമസ്ത അനുമതി നൽകിയിരിക്കുന്നതന്നെനും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം.

സ്ത്രീകളെ സംവരണ സീറ്റിൽ മാത്രം മത്സരിപ്പിച്ചാൽ മതിയെന്നും ജനറൽ സീറ്റിൽ പ്രാപ്തരായ പുരുഷന്മാരെ മാത്രം നിർത്തിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവരണ സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കേണ്ടത് നിർബന്ധമായ അവസരത്തിലാണ് ലീഗിന് സ്ത്രീകളെ മത്സരിപ്പിക്കാൻ സമസ്ത അനുമതി നൽകിയതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിങ്ങളും സമസ്തയോട് ചേർന്ന് പ്രവർത്തിക്കുന്നവരാണ്, അവരുടെ ആദർശങ്ങൾക്ക് വിരുദ്ധമായൊരു തീരുമാനമെടുക്കുന്നത് ഒരു മുസ്‌ലിം സംഘടനക്ക് ഗുണകരമല്ല ലീഗ് സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐയുമായും ചേർന്ന് പ്രവർത്തിക്കരുതെന്ന് പറഞ്ഞ ഉമർഫൈസി ഇടത് ഭരണത്തിൽ മുസ്‌ലിം വിഭാഗത്തിന് അർഹിച്ച പരിഗണന ലഭിച്ചെന്നും പറഞ്ഞു.

നിലവിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളെയാണ് മുസ്‌ലിം ലീഗ് മത്സരിപ്പിക്കുന്നത്. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയെയും കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് ലീഗ് ടിക്കറ്റിൽ മത്സരിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് മുസ്‌ലിം ലീഗ് നിയമസഭയിലേക്ക് രണ്ട്‌ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്.

ഇത്തവണ ജനറൽ സീറ്റിലടക്കം രണ്ട് വനിതകളെ മത്സരിപ്പിക്കുന്നത് പ്രചരണായുധമാക്കിയ ലീഗിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഉമർ ഫൈസിയുടെ പ്രതികരണം.

Content Highlight: Muslim League should not allow women to contest in general seats: Umar Faizi Mukkam criticizes

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം