| Saturday, 17th January 2026, 11:47 am

ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ മുന്നേറ്റവുമായി മുസ്‌ലിം ലീഗ്

ശ്രീലക്ഷ്മി എ.വി.

നാഗ്പൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ മുന്നേറ്റവുമായി മുസ്‌ലിം ലീഗ്.

കോർപറേഷനിലെ 16 സീറ്റുകളിലായിരുന്നു മുസ്‌ലിം ലീഗ് മത്സരിച്ചത്. അതിൽ നാല് സീറ്റുകളിൽ ലീഗ് വിജയം നേടി.

സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.

കോണി ചിഹ്നത്തിലായിരുന്നു നാല് സ്ഥാനാർത്ഥികളും മത്സരിച്ചത്.

151 അംഗങ്ങളുള്ള കോർപറേഷനിൽ 102 സീറ്റും ബി.ജെ.പി നേടി. 34 സീറ്റ് നേടി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്.

ആർ.എസ്.എസ് കോട്ടയായ നാഗ്പൂരിൽ ഇത്തവണ 120 സീറ്റുകൾ മറികടക്കുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ടായിരുന്നെങ്കിലും 102 സീറ്റുകളാണ് നേടാൻ സാധിച്ചത്.

സഖ്യകക്ഷിയായ ശിവസേനയ്ക്ക് രണ്ട് സീറ്റുകളും എൻ.സി.പിക്ക് ഒരു സീറ്റും മാത്രമാണ് ലഭിച്ചത്.

ഉദ്ധവ് താക്കറെ വിഭാഗത്തിന് രണ്ടുസീറ്റും എ.ഐ.എം. ഐ.എം ആറുസീറ്റും നേടി.

മഹാരാഷ്ട്ര കോർപറേഷൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ എ.ഐ.എം. ഐ.എം കാര്യമായ നേട്ടമുണ്ടാക്കി.

അമരാവതിയിലും മലേഗാവിൽ നാന്ദേഡ് വാഘഘയിലും എ.ഐ.എം. ഐ.എം മുന്നിലാണ്.

ഛത്രപതി സംഭാജിനഗർ മുൻസിപ്പൽ കോർപറേഷനിൽ 33 സീറ്റുകളോടെ ജയിച്ച എ.ഐ.എം. ഐ.എം രണ്ടാമത്തെ കക്ഷിയായി.

മുംബൈയിൽ ആറിടത്തും, താനെയിൽ അഞ്ചിടത്തും എ.ഐ.എം. ഐ.എമ്മിന് വിജയം കൈവരിക്കാൻ കഴിഞ്ഞു.

മഹാരാഷ്ട്രയിലെ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ (ബി.എം.സി) വന്‍ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം അധികാരം ഉറപ്പിച്ചത്.

കോര്‍പ്പറേഷനിലെ 227 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 227ല്‍ 217 ഇടത്തും മഹായുതി വിജയം കണ്ടു. ബി.ജെ.പി 88 സീറ്റ് നേടിയപ്പോള്‍ ശിവസേന 28 സീറ്റുകളില്‍ ലീഡ് നേടി.

Content Highlight: Muslim League makes progress in Nagpur, RSS headquarters

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more