മുസ്‌ലിം രാജ്യങ്ങള്‍ മൗനം വെടിയണം; നൗറുസ് സന്ദേശത്തില്‍ പെസസ്‌കിയാന്‍
World
മുസ്‌ലിം രാജ്യങ്ങള്‍ മൗനം വെടിയണം; നൗറുസ് സന്ദേശത്തില്‍ പെസസ്‌കിയാന്‍
നിഷാന. വി.വി
Tuesday, 24th March 2026, 8:14 am

ടെഹ്‌റാന്‍: ഇറാനെതിരായി അമേരിക്കയും ഇസ്രഈലും നടത്തുന്ന നിയമവിരുദ്ധ യുദ്ധത്തില്‍ സഹോദര മുസ്‌ലിം രാജ്യങ്ങള്‍ നിസംഗത പാലിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ്.

നൗറിസ് ഉത്സവം ആഘോഷിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സന്ദേത്തിലായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ ആഹ്വാനം.

‘നൗറുസ് നമ്മുടെ പങ്കിട്ട സാംസ്‌കാരിക പൈതൃകമാണ്, ലോകത്തിന്റെ വിശാലമായ പ്രദേശങ്ങളില്‍ അതിനെ ആദരിക്കുന്നത് നമ്മുടെ പുരാതന പാരമ്പര്യമാണ്.

അത് ആളുകളെ അവരുടെ ചിന്തകളും ആശയങ്ങളും പുതുക്കാനും, പകകളും നീരസങ്ങളും മറികടക്കാനും, സൗഹൃദവും ദയയും ആഴത്തിലാക്കാനും പ്രചോദിപ്പിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ രാഷ്ട്രം രണ്ട് നിയമ വിരുദ്ധ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

‘നൗറുസിന് മുമ്പുള്ള ദിവസങ്ങളില്‍ സാധാരണരക്കാരെയും കുട്ടികളേയും കൊല്ലുന്നതും ആശുപത്രികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള നഗ്നമായ കുറ്റകൃത്യങ്ങളുടെ തുടര്‍ച്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു,’ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ധൈര്യത്തോടെ ഇറാന്‍ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും പെസസ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

‘ശ്രദ്ധേയമായ ദൃഢതയോടും ധൈര്യത്തോടും കൂടി, ഇറാന്‍ അതിന്റെ സ്വാതന്ത്ര്യം, ദേശീയ പരമാധികാരം, പുരാതന മാതൃരാജ്യം എന്നിവയെ സംരക്ഷിക്കുന്നു. ഈ സാഹചര്യങ്ങളില്‍, സൗഹൃദപരവും സഹോദരതുല്യവുമായ മുസ്‌ലിം സര്‍ക്കാരുകള്‍ ഇത്തരം വിവേചനരഹിതമായ നിയമലംഘനത്തിനും ചരിത്രപരമായ അനീതിക്കും നേരെ നിസംഗത പാലിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാനിലും മധ്യേഷ്യയിലെ പല രാജ്യങ്ങളിലും വസന്ത കാലത്തിന്റെ തുടക്കത്തില്‍ ആഘോക്കുന്ന ഉത്സവമാണ് നൗറുസ്. ഇത് പുതുവര്‍ഷമായാണ് കണക്കാക്കപ്പെടുന്നത്.

3000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ആഘോഷം പ്രകൃതിയുടെ പുനര്‍ ജന്മത്തിന്റെയും ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയത്തേയും ഇത് സൂചിപ്പിക്കുന്നു.

ഫെബ്രുവരി 28 നാണ് ഇറാനെതിരായി ഇസ്രഈല്‍- അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെ നിരവധി പ്രമുഖ നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ യു.എസിന്റെ സൈനിക കേന്ദ്രങ്ങളിലേക്കും ഇസ്രഈലിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി.

Content Highlight: Muslim countries should break their silence; Pesachian in Nowruz message

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.