| Monday, 17th February 2025, 8:52 am

'340 പടം ചെയ്ത എന്റെ വരി നോക്കാന്‍ നീ വളര്‍ന്നോ'യെന്ന് ആ ഗാനരചയിതാവ് എന്നോട് ചോദിച്ച് വഴക്കായി: ശരത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായി നടന്ന ഒരു അഭിപ്രായ വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ശരത്ത്.

‘തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയിലെ ഒരു പാട്ടുണ്ട് ‘പെണ്‍കിടാവിന് നെഞ്ചിലാകെ തിമിര്‍തക തോം’ എന്ന് ഞാന്‍ എഴുതി. പെണ്‍കിടാവിന് നെഞ്ചിലാകെ എന്ന് പാടുമ്പോള്‍ എനിക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. പക്ഷെ ഗിരീഷ് പുത്തഞ്ചേരി വന്ന് ‘എടാ, നിന്റെ പെണ്‍കിടാവിന് നെഞ്ചിലാകെ ഞാന്‍ ഒന്ന് കൊന്നിട്ടുണ്ട്. പകരം സൂര്യനാളം പൊന്‍വിളക്കായി എന്നാക്കിയിട്ടുണ്ട്’ എന്ന് പറഞ്ഞു.

സൂര്യനാളം വളരെ മനോഹരമായിരുന്നു. അതെനിക്ക് ഇഷ്ടമായി. അതിന് പകരം വേറെ വല്ലതും ആയിരുന്നെങ്കില്‍ ഞാന്‍ അടിയുണ്ടാക്കിയേനെ. അങ്ങനെ അദ്ദേഹവുമായി എനിക്ക് ചെറിയ തോതിലെങ്കിലും വഴക്കുണ്ടാക്കേണ്ടി വന്നത് ‘ഭാമയാമി’ എന്ന പാട്ടിലാണ്. അതിന് അദ്ദേഹത്തിന്റെ കയ്യിലിരിപ്പിനും ഒരു പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നു.

അതിന്റെ കമ്പോസിങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തു. പല്ലവി ആയെന്നും പറഞ്ഞ് അദ്ദേഹം ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പാട്ട് എഴുതിയതുമായി വന്നു. നീയൊന്ന് പാടിനോക്കെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം മീനിനെ പോലെ വെള്ളത്തിലാണ്.

എനിക്കാണെങ്കില്‍ ബോധമില്ലാത്ത ഒരാളുടെ മുന്നിലിരുന്ന് പാടുന്നത് താത്പര്യമില്ലാത്ത കാര്യമാണ്. എനിക്കാണെങ്കില്‍ അത് അദ്ദേഹത്തോട് പറയാനും ഒരു മടി. നമുക്ക് നാളെ ഇരിക്കാം, ഇപ്പോള്‍ അണ്ണന്‍ ഒന്ന് റെസ്റ്റ് എടുക്ക് എന്ന് ഞാന്‍ പറഞ്ഞു. അത് ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഭയങ്കര ദേഷ്യമായി.

‘എടാ മോനെ ശരത്തേ, നീ എത്ര പടം ചെയ്തിട്ടുണ്ട്?’ ഞാന്‍ പറഞ്ഞു ഒന്ന്. ‘എടാ ഞാന്‍ 340 പടം ചെയ്തടാ, ഗിരീഷ് പുത്തഞ്ചേരിയുടെ വരി നോക്കാന്‍ നീ വളര്‍ന്നോ’ എന്നോട് ചോദിച്ചു. അങ്ങനെ നിന്റെ പാട്ടും വേണ്ട ഒന്നും വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം വഴക്കിട്ട് പോയി. എന്നാല്‍ അദ്ദേഹം എഴുതിയ പല്ലവി അസാധ്യമായിരുന്നു. പിറ്റേന്ന് രാവിലെ ഒരു ഏഴ് മണി ആയപ്പോള്‍ ഗിരീഷ് അണ്ണന്‍ എന്റെ വാതിലില്‍ മുട്ടി. ഞാന്‍ തുറന്നപ്പോള്‍ മുഖത്തേക്ക് ഊതിയിട്ട് ‘ഇനി ഇരിക്കാമല്ലോ’ എന്ന് ചോദിച്ചു,’ ശരത്ത് പറയുന്നു.

Content highlight: Music director Sharreth talks about an incident with Gireesh Puthanchery

Latest Stories

We use cookies to give you the best possible experience. Learn more