അയര്‍ലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എന്ന നിലയില്‍ ആതിഥേയര്‍ ബാറ്റിങ് തുടരുകയാണ്.
മുഷ്ഫിഖര്‍ റഹീം, മോമിനുല്‍ ഹഖ്, ലിട്ടണ്‍ ദാസ് എന്നിവരുടെ കരുത്തിലാണ് ബംഗ്ലാദേശ് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ കണ്ടെത്താനൊരുങ്ങുന്നത്.
മോമിനുല്‍ ഹഖ് 128 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന റഹീം 187 പന്തില്‍ 99 റണ്‍സും ദാസ് 86 പന്തില്‍ 47 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. രണ്ടാം ദിവസം ഒറ്റ റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ സെഞ്ച്വറി നേട്ടം റഹീമിന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കപ്പെടും.
നാളെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാല്‍ മറ്റൊരു ചരിത്ര നേട്ടവും റഹീം സ്വന്തമാക്കും. കരിയറിലെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് റഹീം കാലെടുത്ത് വെക്കുക.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 84 താരങ്ങള്‍ ഇതുവരെ നൂറ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അതില്‍ 76 താരങ്ങള്‍ കരിയറില്‍ ഒരിക്കലെങ്കിലും സെഞ്ച്വറി നേടിയിട്ടുമുണ്ട്. എന്നാല്‍ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഇവരില്‍ 12 പേര്‍ മാത്രമാണ്.
ഈ നേട്ടത്തിലേക്കാണ് മുഷ്ഫിഖര്‍ റഹീം കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശിനായി നൂറ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം ഇതിനോടകം സ്വന്തമാക്കിയ റഹീം കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ്.
അതേസമയം, ഷേര്‍ ഇ ബംഗ്ലയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം നേടിയ ബംഗ്ലാദേശ് രണ്ടാം മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Content Highlight: Mushfiqur Rahim need one runs to complete century in 100th Test