അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. ബംഗ്ലാദേശിനായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് മുന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇന്ന് മിര്‍പുരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ അയര്‍ലാന്‍ഡിനെതിരെ നടക്കുന്ന മത്സരത്തിലാണ് താരം ഈ അപൂര്‍വ നേട്ടത്തില്‍ എത്തിയത്.
മുഷ്ഫിഖുര്‍ റഹീം 2005ലാണ് ഈ ഫോര്‍മാറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇന്ന് അയര്‍ലാന്‍ഡിന് എതിരെയുള്ള രണ്ടാം ടെസ്റ്റില്‍ കളത്തില്‍ ഇറങ്ങിയതോടെ 20 വര്‍ഷം നീണ്ട തന്റെ കരിയറില്‍ സുപ്രധാന നാഴികക്കല്ലും താരത്തിന് പിന്നിടാനായി. ബംഗ്ലാദേശില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടമാണ് മുന്‍ നായകന് സ്വന്തമാക്കാനായത്.
കടുവകള്‍ക്കായി 100 ടെസ്റ്റുകള്‍ തികച്ചുവെന്നതിന് പുറമെ, മറ്റാരും താരത്തോളം ടെസ്റ്റുകള്‍ കളിച്ചിട്ടില്ലെന്നതും അദ്ദേഹത്തിന്റെ ടീമിലെ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. റഹീമിന് ശേഷം ടീമിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത് മോമിനുള്‍ ഹഖാണ്. എന്നാല്‍, താരം കളിച്ചത് 75 മത്സരങ്ങളാണ്. അതായത് മുന്‍ നായകനെക്കാള്‍ 25 മത്സരങ്ങള്‍ കുറവ്.
ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരങ്ങള്‍
തന്റെ 20 വര്‍ഷ കരിയറില്‍ ബംഗ്ലാദേശിനായി ജീവിതം തന്നെ മാറ്റി വെച്ച ഒരാളാണ് മുഷ്ഫിഖുര്‍ റഹീം. താരം കടുവകള്‍ക്കായി വിക്കറ്റ് കീപ്പറെയും ക്യാപ്റ്റനായും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. 34 മത്സരങ്ങളില്‍ ടീമിനെ നയിച്ച താരം തന്റെ ബാറ്റിങ് കൊണ്ടും ശ്രദ്ധ നേടി.
അതേസമയം, അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് നടത്തുകയാണ്. നിലവില്‍ 34 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീമിന് മൂന്ന് വിക്കറ്റിന് 111 റണ്‍സ് നേടിയിട്ടുണ്ട്. മോമിനുള്‍ ഹഖ് (43 പന്തില്‍ 26), മുഷ്ഫിഖുര്‍ റഹീം (24 പന്തില്‍ ആറ്) എന്നിവരാണ് ക്രീസിലുള്ളത്.