കേരളത്തിലെ ബൈക്ക് റേസിങ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റാണ് ഡിസംബര്‍ 21 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ ക്രോസ് സീസണ്‍ 2 ന്റെ ഗ്രാന്‍ഡ് ഫിനാലെ. കോഴിക്കോട് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നതെന്നതും ബോളിവുഡ് അതികായനായ സല്‍മാന്‍ഖാനാണ് ഇവന്റ് ഉദ്ഘാടനം ചെയ്യുന്നതെന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.
മുര്‍ഷിദ് ബഷീര്‍. Photo: screen grab/ the cue/ youtube.com
മോട്ടോര്‍സൈക്കിള്‍ ആക്‌സസറി ബ്രാന്‍ഡായ ബാന്‍ഡിഡോസിന്റെ ഉടമയും അഡ്‌വെഞ്ചര്‍ മോട്ടോര്‍സൈക്ലിസ്റ്റുമായ മുര്‍ഷിദ് ബഷീറിന്റെ മേല്‍നോട്ടത്തിലാണ് സൂപ്പര്‍ക്രോസ് ലീഗിന് കോഴിക്കോട് അരങ്ങൊരുങ്ങുന്നത്. നഗരത്തിലെ പ്രധാന സ്റ്റേഡിയമായ ഇ.എം.എസ് സ്റ്റേഡിയത്തില്‍ പ്രത്യേകതരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയാണ് റേസിന് വേണ്ടിയുള്ള ട്രാക്കൊരുക്കുന്നത്.
അന്താരാഷ്ട്രതലത്തിലുള്ള റൈഡേഴ്‌സ് പങ്കെടുക്കുന്ന മത്സരത്തിന്റെ വിശേഷങ്ങളെക്കുറിച്ചും അതിഥിയായി സല്‍മാന്‍ഖാന്‍ കോഴിക്കോട് എത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് മുര്‍ഷിദ് ബഷീര്‍ ദ ക്യൂ വിന് നല്‍കിയ അഭിമുഖത്തില്‍.
‘സല്‍മാന്‍ഖാനെ പോലൊരു നാഷണല്‍ ഐക്കണെ സൂപ്പര്‍ക്രോസ് ലീഗിലേക്ക് കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കിട്ടുന്ന ക്രെഡിബിലിറ്റി വലുതാണ്. ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അദ്ദേഹം. വെറുമൊരു സെലിബ്രിറ്റി എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം എത്തുന്നത്, വളരെ പാഷനേറ്റ് ആയ ഒരു റൈഡര്‍ കൂടിയാണ് താരം. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ സ്വന്തമായി മോട്ടോര്‍ക്രോസിന്റെ പ്രാക്ടീസും കാര്യങ്ങളും ചെയ്യാറുണ്ട്.
വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഫൈനല്‍ ഇവന്റുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. വെറുതെ വന്ന് ഉദ്ഘാടനം ചെയ്ത് കൈ വീശി പോകാനല്ല അദ്ദേഹം വരുന്നത്. ഒരു ദിവസം കോഴിക്കോട് ചിലവഴിച്ച് സമ്മാനദാനവും കഴിഞ്ഞേ സല്‍മാന്‍ഖാന്‍ പോകുകയുള്ളു. അത്രക്കും ഈ സ്‌പോര്‍ട്ടിനോട് പാഷനും ക്രേസും ഉള്ള ആളാണ് അദ്ദേഹം,’ മുര്‍ഷിദ് പറഞ്ഞു.
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും കാണികള്‍ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ അഡ്രിനാലിന്‍ റഷിന്റെ പീക്ക് എക്‌സപീരിയന്‍സ് ചെയ്യാന്‍ പറ്റുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും മുര്‍ഷിദ് പറഞ്ഞു. വലിയ സ്വീകരണമാണ് കേരളത്തില്‍ ഇതുവരെ പരിപാടിക്ക് ലഭിച്ചതെന്നും, ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള കാണികളെ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോള്‍ പുല്‍മൈതാനത്തിന് മുകളില്‍ ആയിരത്തോളം പ്ലൈവുഡുകള്‍ നിരത്തി ലോഡ് കണക്കിന് മണ്ണ് നിരത്തി റേസിന് വേണ്ടിയുള്ള ട്രാക്ക് ഒരുക്കുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യത്യസ്ത ടീമുകളിലായി നാല്‍പ്പതിലധികം വിദേശ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ റൈഡേഴ്‌സും ഭാഗമാകുന്നുണ്ട്.
Content Highlight: murshidh basheer talks about upcoming supercross league in calicut
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.