| Monday, 31st March 2025, 8:03 pm

എന്റെ എഴുത്ത് നന്നായിട്ടുണ്ടെന്ന് ആദ്യമായി പ്രശംസിച്ചത് അദ്ദേഹം, ആ കോണ്‍ഫിഡന്‍സാണ് ഇവിടം വരെ എത്തിച്ചത്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ മുരളി ഗോപിയുടെ രചനയില്‍ പിറന്നവയാണ്.

എഴുത്തിന്റെ ലോകത്തിലേക്ക് താന്‍ കടന്നുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. എഴുത്തുകാരനാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലായിരുന്നെന്ന് മുരളി ഗോപി പറഞ്ഞു. തന്റെ അച്ഛന്‍ 1996ല്‍ ഒരു സ്‌ട്രോക്ക് വന്ന് കിടപ്പിലായെന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

അച്ഛനെ സന്തോഷിപ്പിക്കാന്‍ എഴുതിയത് ഒരു കഥയായി മാറിയെന്നും അത് അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ മുഖത്ത് സന്തോഷം വന്നെന്നും മുരളി ഗോപി പറഞ്ഞു. നല്ലത് കണ്ടാല്‍ അഭിനന്ദിക്കാതിരിക്കുന്ന ആളല്ല അച്ഛനെന്നും ആ സ്വഭാവം പണ്ടേ ഇല്ലായിരുന്നെന്നും മുരളി ഗോപി പറയുന്നു. അച്ഛന്‍ അന്ന് തന്നെ പ്രശംസിച്ചെന്നും മുരളി ഗോപി പറഞ്ഞു.

എഴുത്തുകാരനാകാനുള്ള ഊര്‍ജം ലഭിച്ചത് അവിടം മുതലാണെന്നും ഇവിടം വരെ എത്താനുള്ള കോണ്‍ഫിഡന്‍സ് തനിക്ക് ലഭിച്ചത് ആ ഊര്‍ജമാണെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ഡയലോഗുകള്‍ എഴുതിക്കഴിഞ്ഞാല്‍ തനിക്ക് അത് ഓര്‍മയുണ്ടായകില്ലെന്നും മുരളി ഗോപി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

‘ചെറുപ്പം തൊട്ട് ഒരുപാട് വായിക്കുമെങ്കിലും എഴുത്തിലേക്ക് പോകണമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. 1996ല്‍ അച്ഛന് ഒരു സ്‌ട്രോക്ക് വന്നു. അദ്ദേഹം കിടപ്പിലായി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു. അത് അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമായി.

നല്ലത് കണ്ടാല്‍ പ്രശംസിക്കാതിരിക്കില്ല. പണ്ടുമുതലേയുള്ള സ്വഭാവമാണ്. ഒരുപാട് സന്തോഷത്തോടെ റെസ്‌പോണ്ട് ചെയ്തു. അത് തന്ന ഊര്‍ജം ചെറുതല്ലായിരുന്നു. ആ ഊര്‍ജമാണ് ഇന്ന് ഇവിടം വരെ എത്തിച്ചത്. പക്ഷേ, ഒരിക്കല്‍ ഞാനൊരു ഡയലോഗെഴുതി അത് സിനിമയിലെത്തിയാല്‍ അതിനെപ്പറ്റി എനിക്ക് ഓര്‍മയുണ്ടാകില്ല. പല വേദികളിലും ഞാനിത് പറഞ്ഞിട്ടുണ്ട്,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy explains how he become a writer

We use cookies to give you the best possible experience. Learn more