‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അനന്തൻ കാട്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കി തിരുവനന്തപുരം കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തിൽ ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ , ദേവ് മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു തിരക്കഥാകൃത്തായ മുരളി ഗോപി. റിപ്പോർട്ടേഴ്‌സ് ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ടിയാൻ’, ‘ലൂസിഫർ’, ‘തീർപ്പ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇന്ദ്രജിത്ത് സുകുമാരൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന ആ കൂട്ടുകെട്ടിനിടയിൽ അനന്തൻ കാടിൽ ഇന്ദ്രജിത്തിനെ കാണാത്തത് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് മുരളി ഗോപി.
‘ഇന്ദ്രജിത്ത് എന്റെ ഓൾടൈം ഫേവറിറ്റ് അഭിനേതാക്കളിൽ ഒരാളാണ്. എന്റെ കമ്പനി ആക്ടറാണെന്ന് തന്നെ പറയാം. കാരണം, ഞാൻ ഏത് കഥ എഴുതുമ്പോഴും ഇന്ദ്രൻ എന്റെ മനസ്സിലേക്ക് വരാറുണ്ട്. പക്ഷേ അനന്തൻകാട് എഴുതിയപ്പോൾ അങ്ങനെ ഒരു കഥാപാത്രം വന്നില്ല. ഇന്ദ്രന് മാത്രം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള അത്രയും പ്രധാനപ്പെട്ട ഒരു കഥാപാത്രം ഈ കഥയിൽ ഉണ്ടായിരുന്നില്ല.
എന്റെ സിനിമകളായ ‘ടിയാൻ’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ലൂസിഫർ’ എന്നിവയിലെ കഥാപാത്രങ്ങൾ ഇന്ദ്രന് മാത്രം ചെയ്യാൻ പറ്റുന്നതായിരുന്നു. ലൂസിഫറിലെ ‘ഗോവർധൻ’ എന്ന കഥാപാത്രം സ്ക്രീനിൽ കുറച്ച് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, കഥയിൽ അതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. അത് എഴുത്തുകാരന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന കഥാപാത്രമായിരുന്നു. അതുപോലെ ഇന്ദ്രജിത്തിന്റെ കഴിവിന് പ്രതിഫലം നൽകാൻ കഴിയുന്ന ഒരു കഥാപാത്രം അനന്തൻ കാടിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായേനെ,’ മുരളി ഗോപി പറഞ്ഞു.
തമിഴ് നടൻ ആര്യ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം കൂടിയായ അനന്തൻകാട്, മുരളി ഗോപിയുടെ പതിവ് ശൈലിയിൽ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.