ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായി പ്രേക്ഷകര്‍ക്ക് പരിചിതനായ വ്യക്തിയാണ് മുരളി ഗോപി. മലയാളത്തിലെ ലെജന്‍ഡറി അഭിനേതാവ് ഭരത് ഗോപിയുടെ മകനെന്നതില്‍ നിന്നും മാറി സ്വന്തമായി ഒരു മേല്‍വിലാസം സിനിമയിലുണ്ടാക്കിയെടുക്കാന്‍ കുറഞ്ഞ കാലങ്ങള്‍ കൊണ്ട് തന്നെ മുരളി ഗോപിയ്ക്ക് സാധിച്ചിരുന്നു.
എഴുത്തിന് പുറമെ ഒട്ടനവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2004ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്ന രസികന്‍ എന്ന ചിത്രത്തിലെ കാള ഭാസ്‌കരന്‍, ഭ്രമരത്തിലെ അലക്‌സ് വര്‍ഗീസ്, ദൃശ്യം ഫ്രാഞ്ചൈസിയിലെ തോമസ് ബാസ്റ്റിന്‍ ഐ.പി.എസും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ച് മുരളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം അഭിനയിച്ച് ജൂണ്‍ 25ന് റിലീസ് ചെയ്യാനൊരുങ്ങുന്ന അനന്തന്‍ കാട് എന്ന ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പ്ലാന്‍ കുറച്ച് നാളായിട്ടുണ്ട്. പക്ഷേ ഒരുപാട് ചിത്രങ്ങളില്‍ അഭിനയാക്കാന്‍ ഉള്ളതുകൊണ്ട് സംവിധാനം നീണ്ടുപോകുന്നതാണ്. അനന്തന്‍ കാടിന്റെ ഷൂട്ടിന്റെ സമയത്ത് എമ്പുരാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്തുള്ള ഒരുപാട് ആക്ടിങ് ഓഫേഴ്‌സ് ഞാന്‍ തള്ളിവെച്ചിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ ചെയത് കൊണ്ടിരിക്കുകയാണ്. ദൃശ്യം 3യും, പുറത്തിറങ്ങാനുള്ള വരവും എല്ലാം അതിന്റെ ഭാഗമായിട്ട് ഇറങ്ങാനുള്ള ചിത്രങ്ങളാണ്. അത് കഴിഞ്ഞിട്ട് ഡയറക്ടോറിയലിനുള്ള ഒരു പ്ലാനുണ്ട്. അതിന് വേണ്ടി നിര്‍മാതാക്കളെല്ലാം തയ്യാറാണ്,’ മുരളി ഗോപി പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയില്‍ വമ്പന്‍ വിജയമായ ചിത്രങ്ങളായിരുന്നു ലൂസിഫറും എമ്പുരാനും. ഒരേ ഫ്രാഞ്ചൈസിയില്‍ പുറത്തിറങ്ങിയ ഇരു ചിത്രങ്ങളും വമ്പന്‍ കളക്ഷനാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഇവ ട്രിലോജിയായാണ് ഒരുക്കിയതെന്നും മൂന്നാം ഭാഗമായ അസ്രായേലിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് താനെന്നും മുരളി ഗോപി നേരത്തേ പറഞ്ഞിരുന്നു.
തമിഴ് നടന്‍ ആര്യയെ നായകനാക്കി ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് അനന്തന്‍ കാട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Murali Gopi talks about his plans about his directorial debut
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.