ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് രസികൻ. ചിത്രത്തിൽ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അവതരിപ്പിച്ച തേലിപ്പറമ്പിൽ ഭാസ്കരൻ’ അഥവാ കാള ഭാസ്കരൻ എന്ന ക്രൂരനായ വില്ലൻ കഥാപാത്രത്തെ അത്രമേൽ ഭയത്തോടെയും ആകാംക്ഷയോടെയുമാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.
മുരളി ഗോപി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം, അദ്ദേഹത്തിന്റെ തിരക്കഥാകൃതും പിന്നണി ഗായകനുമായുള്ള തുടക്കം കൂടിയായിരുന്നു. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിലെ ആദ്യ വില്ലൻ കഥാപാത്രത്തെക്കുറിച്ചും കരിയറിന്റെ തുടക്കത്തെക്കുറിച്ചും മനസ് തുറക്കുകയാണ് മുരളി ഗോപി. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയം എന്ന് പറയുമ്പോൾ ഞാൻ സ്വന്തമായിട്ട് എഴുതി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു രസികൻ. സത്യത്തിൽ ഈ സിനിമയ്ക്ക് മുമ്പ് ചേകവൻ എന്ന് ഒരു സിനിമയുടെ തിരക്കഥ ഞാനും ലാൽ ജോസേട്ടനും കൂടെ പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് അന്ന് ചെയ്യാൻ പറ്റിയിരുന്നില്ല. തുടർന്ന് ആ സിനിമയ്ക്ക് വേണ്ടി എഴുതിയ ഒരു കഥാപാത്രത്തെ ഉൾപ്പെടുത്തിയാണ് പിന്നീട് രസികൻ എന്ന സിനിമ ചെയ്യുന്നത്.
സിനിമയിൽ വളരെ നാസ്റ്റിയായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു കാള ഭാസ്കരൻ എന്ന് പറയുന്ന വില്ലൻ, സിനിമയിൽ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഉള്ളൂവെങ്കിൽ പോലും. സാധാരണ ഒരു നടൻ തന്റെ ആദ്യ സിനിമയിലെ കഥാപാത്രമായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വേഷമായിരുന്നില്ല അത്. അങ്ങനെ ആരും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രം ചെയ്യുന്നത് ഒരു വെല്ലുവിളിയായി എനിക്ക് തോന്നി. അതുകൊണ്ട് എന്തായാലും അത് ചെയ്യണം എന്ന് വിചാരിച്ചാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നത്. അതിലൊരു ത്രില്ല് ഉണ്ടായിരുന്നു.
എന്നാൽ ഭ്രമരം സിനിമയിലേക്ക് വന്നപ്പോൾ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ, കുറച്ചുകൂടി ഇമോഷണൽ ആയ ഒരു കഥാപാത്രമായിരുന്നു എനിക്ക് ലഭിച്ചത്. രസികൻ കഴിഞ്ഞ് ഒരു അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ ഭ്രമരം ചെയ്യുന്നത്. ബ്ലെസി ചേട്ടൻ അഭിനയിക്കണം എന്ന് പറഞ്ഞ് നിർബന്ധിച്ചതുകൊണ്ട് മാത്രം ആണ് അന്ന് ആ കഥാപാത്രം ചെയ്തത്. അത് പിന്നീട് സിനിമയിലേക്കുള്ള എന്റെയൊരു രണ്ടാം തുടക്കത്തിന് കാരണമായി മാറി. അതിന്റെ മുഴുവൻ ക്രെഡിറ്റും ബ്ലെസി ചേട്ടനുള്ളതാണ്,’ മുരളി ഗോപി പറഞ്ഞു.