എമ്പുരാൻ വിഷയത്തിൽ വിശദീകരണം ആവശ്യമില്ല, എനിക്ക് പറയാനുള്ളത് എന്റെ സിനിമകളിലുണ്ട്: മുരളി ഗോപി
Malayalam Cinema
എമ്പുരാൻ വിഷയത്തിൽ വിശദീകരണം ആവശ്യമില്ല, എനിക്ക് പറയാനുള്ളത് എന്റെ സിനിമകളിലുണ്ട്: മുരളി ഗോപി
കെ.എസ് ഷാബിന
Thursday, 18th June 2026, 3:05 pm

‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അനന്തൻ കാട്’. തെന്നിന്ത്യൻ താരം ആര്യ നായകനാകുന്ന ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ‘അനന്തൻകാട്’ എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ചലച്ചിത്ര ലോകത്ത് ശക്തമായ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും നടനുമാണ് മുരളി ഗോപി. ‘ദൃശ്യം’ സിനിമയിലെ ഐ.ജി. തോമസ് ബാസ്റ്റിൻ എന്ന ശക്തമായ പൊലീസ് വേഷത്തിലൂടെയും പ്രേക്ഷകമനസ്സിൽ ഇടംനേടി.

അനന്തൻ കാട്.Photo:Bookmy show

ഇപ്പോൾ തന്റെ ചിത്രങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും ‘എമ്പുരാൻ’ വിവാദങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. പുതിയ ചിത്രമായ ‘അനന്തൻ കാട്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൂസിഫർ, കമ്മാരസംഭവം, ടിയാൻ എന്നീ സിനിമകളിലെല്ലാം രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ സിനിമ എന്ന് നമ്മൾ പ്രത്യേകം പറയാത്ത ചിത്രങ്ങളിൽ പോലും ഒരു രാഷ്ട്രീയമുണ്ടാകും; ഒരു സാധാരണ കുടുംബ ചിത്രത്തിൽ പോലും അതുണ്ട്. രണ്ട് വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ പോലും അവിടെയൊരു രാഷ്ട്രീയമുണ്ട്. അങ്ങനെ നോക്കിയാൽ എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകൾ തന്നെയാണ്.’ മുരളി ഗോപി പറയുന്നു.

എമ്പുരാൻ.Photo;x.com

‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ റിലീസായ സമയത്തുണ്ടായ വിവാദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യകത്മാക്കി.

‘എമ്പുരാൻ ഇറങ്ങിയ സമയത്ത് എന്റെ സമീപനം തികച്ചും സത്യസന്ധമായിരുന്നു. അതിനപ്പുറം മറ്റൊരു വിശദീകരണത്തിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ ആവശ്യമില്ല എന്ന് എനിക്ക് തോന്നി. ഞാൻ പറയാൻ ഉദ്ദേശിക്കുന്നതെല്ലാം സിനിമയായി തിയേറ്ററുകളിൽ എത്തിച്ചിട്ടുണ്ട്.

എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്; അത് ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ എല്ലാ സിനിമകൾക്കും പലവിധത്തിലുള്ള അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ആ അഭിപ്രായങ്ങളെല്ലാം കേൾക്കുക, മനസ്സിലാക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi talks about Empuraan movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.