നായകന്റെ പേരിന് പകരം സംവിധായകന്റെയും മറ്റ് ടെക്‌നീഷ്യന്മാരുടെയും പേര് നോക്കി സിനിമ കാണുന്ന കാലഘട്ടമാണിത്. മിനിമം ഗ്യാരണ്ടിയുള്ള സംവിധായകന്റെയും ക്യാമറമാന്റെയുമെല്ലാം പേര് കണ്ട് ടിക്കറ്റെടുക്കുന്നവര്‍ ധാരാളമാണ്. അത്തരത്തില്‍ മലയാളത്തില്‍ വലിയ ഫോളോയിങ്ങുള്ള തിരക്കഥാകൃത്താണ് മുരളി ഗോപി.
സിനിമയെ വെറും എന്റര്‍ടൈന്മെന്റായി കാണാതെ അതിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന മുരളി ഗോപിയുടെ തിരക്കഥകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പലതരത്തിലുള്ള രാഷ്ട്രീയം തന്റെ തിരക്കഥകളിലൂടെ മുരളി ഗോപി പറയുന്നുണ്ട്.
മുരളി ഗോപി Photo: Screen grab/ Reporter Films
എന്നാല്‍ അടുത്തകാലത്തായി മുരളി ഗോപിയുടെ തിരക്കഥകള്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് പലരും പരാതിപ്പെടുകയാണ്. സിനിമാലോകത്ത് വലിയ ചര്‍ച്ചയായ ലൂസിഫറിന് ശേഷം മുരളി ഗോപി പേന ചലിപ്പിച്ച സിനിമകളൊന്നും പ്രതീക്ഷ കാത്തില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ലൂസിഫറിന് ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന തീര്‍പ്പ് തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു.
പിന്നാലെ വന്ന എമ്പുരാന്‍ സാമ്പത്തികമായി വിജയം നേടിയെങ്കിലും ലൂസിഫറിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്നും കമന്റുകളുണ്ട്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അനന്തന്‍ കാടിലും സ്ഥിതി വ്യത്യസ്തമല്ല. കണ്ടുമടുത്ത ഗ്യാങ്സ്റ്റര്‍ സിനിമകളുടെ അതേ ടെംപ്ലേറ്റ് തന്നെയാണ് അനന്തന്‍ കാടിലും. ശ്രീലങ്കയിലാരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
അനന്തന്‍ കാട് Photo: Theatrical poster
സുബ്രഹ്‌മണ്യപുരം, കമ്മട്ടിപ്പാടം, മുറ, ബള്‍ട്ടി എന്നീ സിനിമകളുടെ അതേ പാതയിലൂടെയാണ് അനന്തന്‍ കാടും സഞ്ചരിക്കുന്നത്. വലിയൊരു നേതാവ്/ പണക്കാരന് വേണ്ടി കൊട്ടേഷന്‍ നടത്തുന്ന നായകന്റെ സംഘത്തെ അവസാനം അവരുടെ യജമാനന്‍ തന്നെ തീര്‍ത്തുകളയുന്ന ക്ലീഷേ കഥയാണ് അനന്തന്‍ കാടിലും. ഈ കഥയില്‍ കുറച്ച് വയലന്‍സും ശ്രീലങ്കന്‍ ആദ്യന്തരയുദ്ധവുമെല്ലാം കുത്തിക്കയറ്റി വെച്ചിട്ടാണ് അനന്തന്‍ കാട് ഒരുക്കുന്നത്.
യാതൊരു തരത്തിലും ഇമോഷണല്‍ കണക്ഷനോ രോമാഞ്ചമോ തോന്നാത്ത ചിത്രമാണ് അനന്തന്‍ കാട്. ഓരോ സീന്‍ കഴിയുമ്പോഴും അടുത്തത് എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പാകത്തിന് പ്രെഡിക്ടബിളായിരുന്നു ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കൃഷ്ണന്‍കുട്ടി മാത്രമാണ് സിനിമയിലെ ഒരേയൊരു പോസിറ്റീവ്.
കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സംഘപരിവാര്‍ രാഷ്ട്രീയങ്ങളെല്ലാം മോശമാണെന്ന് ഈ സിനിമയില്‍ മുരളി ഗോപി പറഞ്ഞുവെക്കുന്നുണ്ട്. ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ എഴുത്തിന് പഴയ പവറില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. L3 അസ്രായേലില്‍ അദ്ദേഹം ഇതിന് മറുപടി നല്‍കുമെന്നാണ് പ്രതീക്ഷ.
Content Highlight: Murali Gopi disappointing with his scripts after Lucifer