മുണ്ടത്തിക്കോട് സ്ഫോടനം; നിർണായക പ്രഖ്യാപനങ്ങളുമായി മന്ത്രിസഭായോഗം
Kerala
മുണ്ടത്തിക്കോട് സ്ഫോടനം; നിർണായക പ്രഖ്യാപനങ്ങളുമായി മന്ത്രിസഭായോഗം
മുഹമ്മദ് നബീല്‍
Wednesday, 22nd April 2026, 1:07 pm

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ചേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ, ജുഡീഷ്യൽ അന്വേഷണം തുടങ്ങി നിർണായക പ്രഖ്യാപനങ്ങളാണ് യോഗത്തിൽ മന്ത്രിസഭ കൈകൊണ്ടത്.

സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിർദേശം നൽകി. സ്ഫോടനത്തെക്കുറിച്ച് പ്രത്യേക ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷന് അന്വേഷണ ചുമതല നൽകി.

സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കും.

പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള തുകയ്ക്ക്പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

പരിക്കേറ്റവരുടെ 6 മാസത്തെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചിലവുകൾ ഇതിൽ ഉൾപെടും.

ആറുമാസത്തിലധികം ചികിത്സ വേണ്ടിവരുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കും.

സ്ഫോടനം കാരണം സമീപ പ്രദേശത്തെ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തരമായി റിപ്പോർട്ട് സമർപ്പിച്ച് എസ്.ഡി.ആർ.എഫിൽ നിന്നും തുക ലഭ്യമാക്കാൻ ജില്ലാ കളക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ഇത് പുറമെ തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ പൊളിച്ച മതിലുകളും, നികത്തിയ വയലുകളും പൂർവസ്ഥിതിയിലാക്കാനും ചെലവുവരുന്ന തുക ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.

Content Highlight: Mundathikode blast; Cabinet meeting with crucial announcements

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം