മുനമ്പം മനുഷ്യക്കടത്ത്; കാണാതായവര്‍ എവിടെ?
governance
മുനമ്പം മനുഷ്യക്കടത്ത്; കാണാതായവര്‍ എവിടെ?
സൗമ്യ ആര്‍. കൃഷ്ണ
Thursday, 16th May 2019, 10:06 am

കേരളത്തിലെ ഒരു തീരത്ത് നിന്നും 43 ല്‍പരം മനുഷ്യരെ അനധികൃതമായി കടത്തിക്കൊണ്ടുപോയ സംഭവം നടന്നിട്ട് നൂറിലധികം ദിവസമായി. നമ്മുടെ തീരങ്ങളിലെ സുരക്ഷ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നതിന്റെ സൂചനയായിരുന്നു മുനമ്പത്തെ സംഭവം. എന്നിട്ടു പോലും ഭരണകൂടമോ പൊലീസ് സംവിധാനങ്ങളൊ ഇതില്‍ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.

ഇന്ത്യയിലെ ഹാര്‍ബറുകളില്‍ മോഡല്‍ ഹാര്‍ബറായി പ്രവര്‍ത്തിക്കുന്ന മുനമ്പത്തെ ഹാര്‍ബറില്‍ കടവില്‍ നിന്ന് ബോട്ട് വരുന്നതും പോകുന്നതും കാണുവാന്‍ ക്യാമറ സ്ഥാപിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ്. ഇത്രയും വലിയ സുരക്ഷാവീഴ്ച്ച സംഭവിച്ച ശേഷവും ഇപ്പോഴും ഈ ക്യാമറ ഘടിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മനുഷ്യക്കടത്ത്് നടന്നതിനു ശേഷവും ബോട്ട് ഓണേഴ്സ് അസോസിയേഷനും പ്രദേശവാസികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.

‘ഇപ്പോഴും ഇവിടെ പല സ്ഥലത്ത് നിന്നുമുള്ളവര്‍ വന്നു പോവുന്നു. ഞങ്ങള്‍ക്ക് പുറത്ത് നിന്നും വരുന്നവരെ ചോദ്യം ചെയ്യാനോ സംശയിക്കാനോ കഴിയില്ല. വന്നുപോകുന്നവര്‍ ആരൊക്കെയാണെന്ന് അറിയുവാനുള്ള ഒരു സൗകര്യവും ഇവിടെ ഇല്ല. സി.സി.ടി.വി ഘടിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിട്ട് വര്‍ഷങ്ങളായി, ഇതുവരെ ഒന്നു പോലും സ്ഥാപിച്ചിട്ടില്ല.’ തരകന്‍സ് അസോസിയേഷന്‍ പ്രതിനിധി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേസിന്റെ അന്വേഷണം നിലവില്‍ എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ച തൊണ്ടി മുതലുകള്‍ കോടതിക്ക് കൈമാറിയെന്നും കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല എന്നുമാണ് മുനമ്പം പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരം. പുതിയ സുരക്ഷ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചോ എന്നന്വേഷിച്ചപ്പോള്‍ മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ പെട്രോളിങ്ങ് ശക്തമാക്കി എന്നായിരുന്നു പൊലീസിന്റെ മറുപടി.

പൊലീസ് വല്ലപ്പോഴും വന്നു പോകുന്നത് കൊണ്ട് എങ്ങനെയാണ് സുരക്ഷ ഉറപ്പ് നല്‍കുക. ഇവിടെ പുറത്തുനിന്നുമുള്ള പലരും എത്തുന്നുണ്ട്. ഇവരൊക്കെ ആരാണ് എന്താണ് എന്നൊന്നും അന്വേഷിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല എന്നും പരിസരവാസി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജനുവരി 12നായിരുന്നു കൊച്ചി മാല്യങ്കരയിലെ ബോട്ട് കടവിലെത്തിയ പരിസരവാസികളായ കുറച്ച് ചെറുപ്പക്കാര്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിനെ അറിയിച്ചു.

പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറായി കേന്ദ്രീകരിച്ച് ഒരു സംഘം താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഇവരുടേതെന്ന് കരുതുന്ന ബാഗുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത് എന്നുകൂടി വ്യക്തമായപ്പോള്‍ പൊലീസിന്റെ സംശയങ്ങള്‍ കുറച്ചു കൂടി ശക്തമായി.

ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്്രേടലിയ, ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് പിന്നീട് ബോധ്യമാകുകയായിരുന്നു.

ഇതോടെ ഇവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കേസില്‍ പ്രതിചേര്‍ക്കാത്തവരും അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നവരുമായ വ്യക്തികളെ കണ്ടെത്തുന്നതിനാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ എത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചറിയുന്നതിനാണ് ഫോട്ടോകളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

മുനമ്പത്തുനിന്നു പോയവര്‍ നേരത്തെ ആഫ്രിക്കന്‍രാജ്യമായ അള്‍ജീരിയയില്‍ എത്തിയെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ അന്വേഷണ പ്രകാരം ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.

WATCH THIS VIDEO:

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.